കടുത്ത കൽക്കരി ക്ഷാമത്തിൽ രാജ്യം; കാരണമെന്ത്?

രാജ്യാന്തര വിപണിയിൽ കൽക്കരിക്കുണ്ടായ വിലവർധനവ് രാജ്യത്തെ കൽക്കരി ഇറക്കുമതിയെ വലിയ രീതിയിൽ ബാധിച്ചു

Update: 2021-10-10 07:43 GMT
Editor : Midhun P | By : Web Desk
Advertising

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാവുകയാണ്. കടുത്ത പ്രതിസന്ധി മൂലം ഉത്തർപ്രദേശിലെ എട്ട് താപവൈദ്യുതി നിലയങ്ങളുടെയും പഞ്ചാബിലെ രണ്ട് നിലയങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചു. പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി മുടങ്ങുമെന്ന് ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി സർക്കാരുകൾ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കൽക്കരി ക്ഷാമത്തിനു കാരണമെന്താണ്? പരിശോധിക്കാം.

രാജ്യാന്തര വിപണിയിൽ കൽക്കരിക്കുണ്ടായ വിലവർധനവ് രാജ്യത്തെ കൽക്കരി ഇറക്കുമതിയെ വലിയ രീതിയിൽ ബാധിച്ചു. 40 ശതമാനം വില വർധനവാണ് കൽക്കരിക്ക് ആഗോള വിപണിയിൽ ഉണ്ടായത്. ഇന്തൊനീഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരി ടണ്ണിന് മാർച്ചിൽ 60 ഡോളറായിരുന്നു വില. ഇപ്പോഴത് 200 ഡോളറായി. ഇതുമൂലം ഇറക്കുമതി കുറയ്ക്കാൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു. കൂടാതെ ചൈനയിലുണ്ടായ ഊർജ്ജ പ്രതിസന്ധിയും വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

രാജ്യത്ത് ഉത്പാദിപ്പിക്കപെടുന്ന കൽക്കരിയുടെ 80 ശതമാനവും കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്നാണ്. കഴിഞ്ഞ വർഷം രാജ്യത്ത് ഉത്പാദിപ്പിച്ച 716 മില്യൺ ടൺ കൽക്കരിയിൽ 596 മില്യൺ ടണും ഇവിടെയാണ് ഉത്പാദിപ്പിച്ചത്. എന്നാൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൽക്കരി ഖനനം, ചരക്ക് നീക്കം എന്നിവ തടസ്സപ്പെട്ടതും കൽക്കരി ക്ഷാമത്തിന് കാരണമായി.

കൂടാതെ താപനിലയങ്ങളൊന്നും ആവശ്യത്തിനുള്ള സ്റ്റോക്ക് കരുതാതിരുന്നത് കൽക്കരി ക്ഷാമം രൂക്ഷമാക്കി. അഞ്ച് ദിവസത്തിനു താഴെ സ്‌റ്റോക്കുള്ള ഒരു നിലയം പോലും 2019ൽ രാജ്യത്ത് ഉണ്ടായിരുന്നില്ല എന്നത് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

ഇതിനെല്ലാം പുറമേ ഉപയോഗത്തിലുണ്ടായ വർധവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ആഗസ്തിൽ 12,400 കോടി യൂണിറ്റായിരുന്നു രാജ്യത്തെ വൈദ്യുതി ഉപയോഗം. കോവിഡിനു മുമ്പ് ഇത് 10,600 കോടിയായിരുന്നു. 20 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

ആകെ വൈദ്യുതി ഉത്പാദനത്തിന്‍റെ 70 ശതമാനത്തിനും കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. കേരളമടക്കം പല സംസ്ഥാനങ്ങളും ജലവൈദ്യുതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതിനാൽ പ്രതിസന്ധിയുണ്ടാകും. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News