രാജ്യം ഭരിക്കുന്നത് അപകടകാരികള്‍, ബി.ജെ.പിയെ തുരത്താനുള്ള അവസാന അവസരം 2024ലെ തെരഞ്ഞെടുപ്പ്: സത്യപാല്‍ മല്ലിക്

ഇക്കൂട്ടര്‍ തന്നെ 2024ല്‍ തിരിച്ചെത്തിയാല്‍ അതു കര്‍ഷകരുടെ ജീവിതത്തിന്‍റെ അവസാനമായിരിക്കുമെന്നും മല്ലിക് പറഞ്ഞു

Update: 2023-04-26 02:00 GMT
Editor : Jaisy Thomas | By : Web Desk

സത്യപാല്‍ മല്ലിക്

Advertising

ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. വളരെ അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണെന്നും മല്ലിക് തുറന്നടിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ അജിത്പുരയിൽ 1935ൽ നടന്ന കർഷക കൊലപാതകങ്ങളുടെ 88-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


ഇക്കൂട്ടര്‍ തന്നെ 2024ല്‍ തിരിച്ചെത്തിയാല്‍ അതു കര്‍ഷകരുടെ ജീവിതത്തിന്‍റെ അവസാനമായിരിക്കുമെന്നും മല്ലിക് പറഞ്ഞു. അന്ന് വിമാനം അയച്ചിരുന്നെങ്കിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള തന്‍റെ പരാമർശം അദ്ദേഹം ആവർത്തിച്ചു.''ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ 40 സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അക്കാര്യം പറയുന്നതില്‍ നിന്നും എന്നെ വിലക്കി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കായി വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് അന്നുതന്നെ ഞാൻ മനസിലാക്കി.ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാം.അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല'' മല്ലിക് ആരോപിച്ചു.

കർഷകർ ഒറ്റക്കെട്ടായി നിൽക്കാനും അവകാശങ്ങൾക്കായി പോരാടാനും മാലിക് ആഹ്വാനം ചെയ്തു.2020-'21ല്‍ കർഷക പ്രതിഷേധങ്ങൾ അവസാനിച്ചു. എന്നാൽ ആവശ്യങ്ങൾ ഇതുവരെ നിറവേറ്റിയില്ല.ഉൽപന്നങ്ങളുടെ മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഉൾപ്പെടുന്നു.2024ലെ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗവര്‍ണറായിരുന്നപ്പോള്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ച് മിണ്ടിയില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങളെ സത്യപാല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. "ഞാൻ അധികാരത്തിന് പുറത്തായിരുന്നപ്പോഴാണ് ഈ വിഷയം ഉന്നയിച്ചത് എന്നു പറയുന്നത് തെറ്റാണ്,ആക്രമണം നടന്ന ദിവസം തന്നെ ഇതു പറഞ്ഞിരുന്നു'' രാജസ്ഥാനിലെ സിക്കറിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മല്ലിക്ക് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകള്‍.ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ട ഒരു കാര്യവും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അധികാരം പോയപ്പോഴാണ് സത്യപാല്‍ മല്ലിക്കിന് ഇതൊക്കെ പറയാന്‍ തോന്നിയതെന്ന കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News