മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

Update: 2024-03-29 12:20 GMT
Editor : ദിവ്യ വി | By : Web Desk

ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും യു.പി ബാന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഗരിമ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.

ബാന്ദയിലെ ഡോക്ടര്‍മാരുടെ പാനലാണ് അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ഗാസിപൂര്‍ ജില്ലയിലെ മുഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

Advertising
Advertising

ജയില്‍ അധികൃതരുടെ ഒത്താശയോടെ തുടര്‍ച്ചയായി കുറഞ്ഞ അളവില്‍ ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് മുക്താര്‍ അന്‍സാരിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചിരുന്നു. മുക്താറിന്റെ സഹോദരനും ഗാസിപൂരില്‍ നിന്നുള്ള ലോക്‌സഭാ എം.പിയുമായ അഫ്‌സല്‍ അന്‍സാരിയും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുക്താര്‍ അന്‍സാരി മരിച്ചതെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. കനത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ജില്ലാ ജയിലില്‍ നിന്ന് വ്യാഴാഴ്ച റാണിദുര്‍ഗവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷം കലര്‍ത്തിയ ഭക്ഷണമാണ് തനിക്ക് നല്‍കിയതെന്ന് മുക്താര്‍ അന്‍സാരിയും കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണമാണ് തനിക്ക് നല്‍കിയതെന്നും കഴിച്ചതിന് പിന്നാലെ ശരീരമാസകലം വേദനിക്കാന്‍ തുടങ്ങിയെന്നും മാര്‍ച്ച് 20 ന് വിഡിയോ കോണ്‍ഫറന്‍സിലുടെ മുക്താര്‍ അന്‍സാരി കോടതിയെ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷം നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

മരണവാര്‍ത്തയ്ക്കു പിന്നാലെ പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ സേനയെ വിന്യസിക്കുകയും സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

63 കാരനായ മുക്താര്‍ അന്‍സാരി മൗ സദര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ബി.എസ്.പി ടിക്കറ്റിലടക്കം അഞ്ച് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഏകദേശം 60 ഓളം കേസുകളില്‍ മുക്താര്‍ അന്‍സാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം യു.പി പൊലീസ് തയാറാക്കിയ 66 ഗുണ്ടകളുടെ ലിസ്റ്റിലും അന്‍സാരിയുണ്ടായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിന് പിന്നാലെ ബി.എസ്.പിയില്‍ നിന്ന് 2010 ല്‍ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ ക്വാമി ഏകതാ ദള്‍ എന്ന പാര്‍ട്ടി രൂപവത്കരിച്ചു. 2012 ല്‍ മൗ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 ലാണ് അവസാനം മത്സരിച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News