കലാപക്കേസ് പ്രതിയും ഗോരക്ഷാ ​ഗുണ്ടയുമായ ബജ്‌റംഗ്ദൾ നേതാവ് ബിട്ടു ബജ്‌റംഗി ഹരിയാനയിൽ സ്ഥാനാർഥി

2023 ജൂലൈയിൽ ഹരിയാന നൂഹിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് ബജ്റം​ഗി.

Update: 2024-09-10 06:32 GMT

ചണ്ഡീ​ഗഢ്:​ ​ഗോരക്ഷാ ​ഗുണ്ടയും ​ബജ്രം​ഗ്ദൾ നേതാവും ​ഹരിയാന നൂഹിലെ കലാപം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ബിട്ടു ബജ്‌റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഫരീദാബാദ് എൻഐടി നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് ഇയാൾ മത്സരിക്കുന്നത്.

‌​ഗോരക്ഷാ ബജ്റം​ഗ് ഫോഴ്സ് തലവനായ ബിട്ടു ബജ്റം​ഗി, ഫരീദാബാദ് എൻഐടി മണ്ഡലത്തിൽ നാമനിർ​ദേശ പത്രിക സമർപ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ വിക്രം സിങ് സ്ഥിരീകരിച്ചു. ഒക്ടോബർ അ‍ഞ്ചിനാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് പോവുന്നത്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

Advertising
Advertising

2023 ജൂലൈയിൽ ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങൾക്ക് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിട്ടു ബജ്റം​ഗി കഴിഞ്ഞ ഏപ്രിലിൽ ഫരീദാബാദിൽ ഒരു യുവാവിനെ പൊലീസ് ഉദ്യോ​ഗസ്ഥർക്കു മുന്നിലിട്ട് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

താൻ മുസ്‌ലിമാണെന്ന്‌ പറഞ്ഞായിരുന്നു ബജ്റം​ഗിയും സംഘവും തന്നെ ആക്രമിച്ചതെന്ന് ഇരയായ ശ്യാം എന്ന യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നൂഹിലെ വർ​ഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആ​ഗസ്റ്റ് 15നാണ് ബിട്ടു ബജ്റം​ഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗിയും സഹായി മോനു മനേസറും നൂഹിൽ വർഗീയ സംഘർഷം ആളിക്കത്തിക്കാൻ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ​ഗസ്റ്റ് 30ന് ഇയാൾക്ക് ജാമ്യം ലഭിച്ചു.

നൂഹിൽ കഴിഞ്ഞവർഷം ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്‌റംഗി പ്രകോപനപരമായ വീഡിയോകൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ബജ്‌റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് മുസ്‌ലിം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് ബിട്ടു ബജ്‌റംഗി പ്രേരിപ്പിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. സ്വയം പ്രഖ്യാപിത പശുസംരക്ഷകനും കൊലക്കേസ് പ്രതിയുമായ ഹിന്ദുത്വനേതാവ് മോനു മനേസറിന്റെ അനുയായിയാണ് ബിട്ടു ബജ്‌റംഗി. 





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News