പ്രവാചക നിന്ദ: ബി.ജെ.പി എം.എൽ.എയെ നിയമസഭാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് പാർട്ടികൾ

എം.എൽ.എയായി അധികാരത്തിലേറുമ്പോൾ ചെയ്ത സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടികൾ ആവശ്യമുന്നയിച്ചത്

Update: 2022-08-24 14:39 GMT
Advertising

പ്രവാചകനെ അധിക്ഷേപിച്ച കേസിൽ പ്രതിയായ തെലങ്കാനയിലെ ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ടി രാജാസിങ്ങിനെ നിയമസഭാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടികൾ. എം.എൽ.എയായി അധികാരത്തിലേറുമ്പോൾ ചെയ്ത സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.

മുമ്പ് പലവട്ടം മുസ്‌ലിംകളുടെ വികാരം വൃണപ്പെടുത്തിയ രാജാ സിങ് ഇപ്പോൾ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കണമെന്നും സി.പി.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

രാജാ സിങ്ങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ അഹമ്മദ് പാഷ ഖാദ്‌രി സ്പീക്കർക്ക് കത്ത് നൽകി. രാജാ സിങ്ങിന്റെ പെരുമാറ്റം സഭാംഗത്തിന് യോജിച്ചതല്ലെന്നും സഭയുടെ പ്രത്യേകാവകാശങ്ങൾ ഇദ്ദേഹം ലംഘിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. രാജ സിങ് മുസ്‌ലിംകൾക്കെതിരെ നിരന്തരം ശത്രുത പ്രോത്സാഹിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നയാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നടപടികൾ സഭയുടെ അന്തസ്സും രാജ്യത്തിന്റെ അഖണ്ഡതയും നശിപ്പിക്കുകയാണെന്നും പറഞ്ഞു. ഈ വർഷമാദ്യത്തിൽ മോശം പെരുമാറ്റത്തിന് രാജാ സിങ്ങിനെ സസ്‌പെൻഡ് ചെയ്തിരുന്നതും ചൂണ്ടിക്കാട്ടി.

അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം രാജാസിങ്ങിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിൽ സിആർപിസി 41ാം വകുപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥിരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിന് കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ബി.ജെ.പി എം.എൽ.എ അറസ്റ്റിലായത്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പരാതി ലഭിക്കുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെയായിരുന്നു നടപടി.

അറസ്റ്റിന് പിന്നാലെ ഇയാളെ ബി.ജെപി.യിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. രാജാസിങ്ങിനെതിരെ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. മതസ്പർധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകൾ ചുമത്തിയാണ് കേസ്.

നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി ആനന്ദിന്റെ ഓഫീസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോൺ പി സായ് ചൈതന്യ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷോ നടത്തിയ ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ രാജാസിങ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഫാറൂഖിയുടെ ഷോ നിർത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് എം.എൽ.എയെ വീട്ടുതടങ്കലിലാക്കിയിരുന്നു.

CPI, All India Majlise Ittihadul Muslimeen (AIMIM) have demanded the expulsion of BJP MLA T Rajasingh From legislative assembly 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News