ബിഹാർ വിജയാഘോഷത്തിനിടെ ത്രിപുരയിൽ സിപിഎം ഓഫീസുകൾ ബിജെപി പ്രവർത്തകർ തകർത്തതായി പരാതി
ആക്രമണത്തെ ശക്തമായി അപലപിച്ച ജില്ലാ സെക്രട്ടറി, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Photo| Special Arrangement
അഗർത്തല: ബിഹാറിലെ എൻഡിഎയുടെ വിജയത്തിന് പിന്നാലെ ത്രിപുരയിൽ നടന്ന ആഘോഷത്തിനിടെ സിപിഎം ഓഫീസുകൾ ബിജെപി പ്രവർത്തകർ തകർത്തതായി പരാതി. രണ്ട് ഓഫീസുകൾ അടിച്ചുതകർത്ത അക്രമികൾ ഒരു ഓഫീസ് തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി സിപിഎം നേതാക്കൾ ആരോപിച്ചു. ധലായ് ജില്ലയിലെ മണിക്ഭന്ദറിലെ ഓഫീസിനാണ് തീയിട്ടത്. ഹലാഹലിയിലേയും കലച്ചേരയിലേയും ഓഫീസുകളാണ് അടിച്ചുതകർത്തത്.
'ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, വിജയം ആഘോഷിക്കാൻ നൂറുകണക്കിന് ബിജെപി നേതാക്കളും അണികളും മണിക്ഭന്ദറിൽ തടിച്ചുകൂടി. ഇതിനിടെ, ഒരു സംഘം പ്രവർത്തകർ സിപിഎമ്മിന്റെ സബ് ഡിവിഷനൽ ഓഫീസ് കത്തിച്ചു. ഫർണിച്ചറുകളും പാർട്ടി പതാകകളും നശിപ്പിച്ചു'- ധലായ് ജില്ലാ സെക്രട്ടറി അഞ്ജൻ ദാസ് പറഞ്ഞു.
അതേ ദിവസം രാത്രി, ബിജെപി പ്രവർത്തകർ ഹലാഹലിയിലെ സിപിഎം ഓഫീസും പാർട്ടി പ്രവർത്തകനായ മോഹൻ ലാൽ റോയ്‌യുടെ തയ്യൽക്കടയും ആക്രമിച്ചതായി അദ്ദേഹം പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിച്ച ജില്ലാ സെക്രട്ടറി, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി കലച്ചേരയിൽ എംഎൽഎ ജദാബ് ലാൽ നാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകർ ബിഹാറിലെ വിജയം ആഘോഷിച്ചതായും തുടർന്ന് സിപിഎം ഓഫീസ് നശിപ്പിച്ചതായും നോർത്ത് ത്രിപുര ജില്ലാ സെക്രട്ടറി അമിതാഭ റോയ് ആരോപിച്ചു.
ആക്രമണത്തിൽ മേശകളും കസേരകളും രേഖകളും നശിപ്പിക്കപ്പെട്ടു. ഇത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. 'കലച്ചേരയിൽ സിപിഎമ്മിന്റെ ശക്തമായ സാന്നിധ്യം ബിജെപിയെ ഭയപ്പെടുത്തുന്നു. ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ എങ്ങനെയാണ് ഭൂരിപക്ഷം നേടിയതെന്ന് രാജ്യത്തിന് മുഴുവൻ അറിയാം'- അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരം ഉറപ്പിച്ചത്. നവംബർ 6, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളുമാണ് നേടിയത്.