ഗോഡ്‌സേയെ തള്ളിപ്പറയാൻ നിങ്ങൾക്കാവുമോ?; വിഎച്ച്പിക്ക് കുനാൽ കമ്രയുടെ കത്ത്

വിശ്വ എന്ന് പേരിന്റെ തുടക്കത്തിലുണ്ടെങ്കിലും ലോകത്തെ മുഴുവൻ ഹിന്ദുക്കളുടെയും പ്രതിനിധാനം വിഎച്ച്പിക്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

Update: 2022-09-11 15:34 GMT
Advertising

ന്യൂഡൽഹി: വിഎച്ച്പി പ്രവർത്തകരുടെ പ്രതിഷേധം കാരണം ഹരിയാനയിലെ പരിപാടി റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ വിഎച്ച്പി നേതൃത്വത്തെ വെല്ലുവിളിച്ച് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സേയെ തള്ളിപ്പറയാൻ തയ്യാറുണ്ടോയെന്ന് ചോദിച്ച് കുനാൽ കമ്ര വിഎച്ച്പിക്ക് കത്തയച്ചു.

ഹരിയാനയിലെ സെക്ടർ 29ലെ ഒരു ഹോട്ടലിൽ സെപ്റ്റംബർ 17, 18 തിയതികളിലാണ് കുനാൽ കമ്രയുടെ പരിപാടി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, കുനാൽ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന ആളാണെന്നും പരിപാടി നടന്നാൽ മതവികാരം വ്രണപ്പെടുമെന്നും പറഞ്ഞ് ബജ്‌റംഗദൾ പ്രവർത്തകർ ഹോട്ടലുടമയെ സമീപിച്ചു. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതിയും നൽകി. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ പരിപാടി റദ്ദാക്കുകയാണെന്ന് ഹോട്ടലുടമ അറിയിക്കുകയായിരുന്നു.

വിശ്വ എന്ന് പേരിന്റെ തുടക്കത്തിലുണ്ടെങ്കിലും ലോകത്തെ മുഴുവൻ ഹിന്ദുക്കളുടെയും പ്രതിനിധാനം വിഎച്ച്പിക്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ''പരിപാടി റദ്ദാക്കിയ ഹോട്ടലുടമയെ കുറ്റം പറയാനാകില്ല. കാരണം അദ്ദേഹമൊരു ബിസിനസാണ് ചെയ്യുന്നത്. എങ്ങനെയാണ് അദ്ദേഹം ഗുണ്ടകളെ കൈകാര്യം ചെയ്യുക. പൊലീസിൽ പരാതിപ്പെട്ടാലും പൊലീസ് വന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ് ചെയ്യുക. മുഴുവൻ സംവിധാനങ്ങളും നിങ്ങളുടേതാണല്ലോ...''-വിഎച്ച്പിക്ക് നൽകിയ കത്തിൽ കുനാൽ കമ്ര പറഞ്ഞു.

ഹിന്ദു മതത്തേയോ ഹിന്ദു ദൈവങ്ങളെയോ ദേവതകളെയോ താൻ അധിക്ഷേപിക്കുന്നതിന്റെ ഒരു വീഡിയോ ക്ലിപ്പെങ്കിലും ഹാജരാക്കാൻ കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

നിങ്ങൾ ഇന്ത്യയുടെ മക്കളാണെങ്കിൽ ഗാന്ധിയെ കൊന്ന ഗോഡ്‌സെ മൂർദാബാദെന്ന് പ്രഖ്യാപിക്കണം. ഇല്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾക്ക് എതിരാണെന്നും ഭീകരതയുടെ ആളാണെന്നും കരുതേണ്ടി വരും-കുനാൽ കത്തിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News