ഉത്തരാഖണ്ഡ് തുരങ്ക ദുരന്തത്തിലെ രക്ഷകന്റെ വീട് പൊളിച്ച് ഡൽഹി വികസന അതോറിറ്റി

റാറ്റ് ഹോൾ മൈനറായ വകീൽ ഹസന്റെ വീടാണ് പൊളിച്ചത്

Update: 2024-02-29 11:00 GMT
Advertising

ന്യൂഡൽഹി: ഉത്തരാഖണ്ഡ് തുരങ്ക ദുരന്തത്തിൽ രക്ഷകനായയാളുടെ വീട് പൊളിച്ച് ഡൽഹി വികസന അതോറിറ്റി(ഡി.ഡി.എ). കഴിഞ്ഞ വർഷം സിൽക്യാര തുരങ്ക ദുരന്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിൽ പ്രധാന പങ്ക്‌വഹിച്ച റാറ്റ് ഹോൾ മൈനറായ വകീൽ ഹസന്റെ വീടാണ് ഡി.ഡി.എ പൊളിച്ചത്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലുള്ള അനധികൃത കയ്യേറ്റം പൊളിക്കുന്നതിന്റെ ഭാഗമായാണ് വീട് പൊളിച്ചതെന്ന് ഡൽഹി അതോറിറ്റി അവകാശപ്പെട്ടു.

എന്നാൽ, തങ്ങൾക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് വീടുകൾ പൊളിച്ചതെന്ന് ഹസനും സമീപവാസികളും കുറ്റപ്പെടുത്തി. 'ഞാൻ വകീൽ ഹസനാണ്. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ നിന്ന് 41 പേരെ രക്ഷിച്ചതിന് പ്രതിഫലമായി ഞങ്ങളുടെ വീട് പൊളിച്ചു. എനിക്ക് സഹായം വേണം. അവർ എന്നെയും എന്റെ കുട്ടികളെയും പിടികൂടി ഒരു പോലീസ് സ്റ്റേഷനകത്ത് നിർത്തുന്നു, അവർ ഞങ്ങളിൽ ചിലരെ മർദിച്ചിട്ടുമുണ്ട്' ഹസൻ തന്റെ നിരാശ പ്രകടിപ്പിച്ചു.

മറ്റൊരു റാറ്റ് മൈനറായ മുന്ന ഖുറേഷിയും ഹസന്റെ വാക്കുകൾ ശരിവെച്ചു. 'വീട്ടിൽ തന്നെ താമസിക്കാൻ അനുവദിക്കുമെന്ന് സർക്കാർ ഞങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു, പക്ഷേ അവർ ഞങ്ങളുടെ വീട് തട്ടിയെടുത്തു' മുന്ന പറഞ്ഞു.

അതേസമയം, തകർത്ത വീടിന് പകരം സൗകര്യം നൽകാമെന്ന ഡി.ഡി.എയുടെ വാഗ്ദാനം വകീൽ ഹസൻ നിരസിച്ചു. ലിഖിതമായി ഉറപ്പ് നൽകാത്തതിനെ തുടർന്നാണ് വസന്ത് കുഞ്ചിലെ ഗസ്റ്റ് ഹൗസിലേക്ക് മാറാമെന്ന വാഗ്ദാനം അദ്ദേഹം നിരസിച്ചത്. വീട് തകർത്ത ശേഷം വകീൽ ഹസനും കുടുംബവും താത്കാലിക ഇടത്തേക്ക് നീങ്ങാൻ വിസമ്മതിച്ച് ഫൂട്പാത്തിൽ തന്നെ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. പാർപ്പിട സൗകര്യം തരുമെന്നത് ഡി.ഡി.എ എഴുതിനൽകണമെന്നാണ് വഹസൻ ആവശ്യപ്പെടുന്നത്.

അതേസമയം, ഡി.ഡി.എ എതിർവാദങ്ങളെ തള്ളിക്കളഞ്ഞു. എല്ലാ വീട്ടുകാർക്കും മുൻകൂർ വിവരം നൽകിയിരുന്നുവെന്നും സ്ഥലം ആസൂത്രിത വികസനത്തിന് വേണ്ടിയുള്ളതാണെന്നും അധികൃതർ അവകാശപ്പെട്ടു.

സുരക്ഷാ കാരണങ്ങളാൽ നിരോധിച്ചിരിക്കുന്ന റാറ്റ്-ഹോൾ ഖനനമാണ് സിൽക്യാര-ബാർകോട്ട് തുരങ്ക രക്ഷാപ്രവർത്തനത്തിന് ഉപകരിച്ചത്. 2023 നവംബറിൽ നടന്ന ദൗത്യത്തിൽ ഇറക്കുമതി ചെയ്ത ഹൈടെക് യന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ വകീൽ ഹസൻ ഖാനും മുന്ന ഖുറേഷിയും ഉൾപ്പെടെയുള്ള ഖനിത്തൊഴിലാളികൾ വിജയം കാണുകയായിരുന്നു. 17 ദിവസം തുരങ്കത്തിൽ ചെലവഴിച്ച തൊഴിലാളികളെ വിജയകരമായി അവർ പുറത്തെത്തിക്കുകയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News