Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഡല്‍ഹി സ്ഫോടനത്തിൽ നാലു പേരുടെ അറസ്റ്റ് കൂടി രേഖപെടുത്തി. ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫരീദാബാദ് ഭീകര സംഘാംഗങ്ങളായ ഇവരെ ജമ്മു കശ്മീര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ ഡൽഹി സ്ഫോടനത്തിൽ എൻഐഎയുടെ പിടിയിലായവരുടെ എണ്ണം ആറായി. അതിനിടെ അനധികൃത നിർമാണത്തിൽ അൽഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശിലെ മൊഹൗ കന്റോൺമെന്റ് ബോർഡ് ആണ് നോട്ടീസ് അയച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജവാദ് അഹമ്മദ് സിദ്ദിഖി ഇഡി കസ്റ്റഡിയിലാണ്.
കഴിഞ്ഞ ആഴ്ച ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഡൽഹി, ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് പൊലീസുമായി സഹകരിച്ചാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചിരുന്നു.