ഇത്രയധികം സമ്പത്തൊന്നും മതിയായില്ലേ? 12000 കോടി ആസ്തിയുണ്ടായിട്ടും ഷാറൂഖ് പാൻമസാല പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ ധ്രുവ് റാഠി
ലോകത്തിലെ ഏറ്റവും സമ്പന്നരായ സിനിമ താരങ്ങളുടെ പട്ടികയിൽ ഷാറൂഖ് ഖാൻ സ്ഥാനമുറപ്പിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ധ്രുവ് റാഠി രംഗത്തുവന്നിരിക്കുന്നത്
Photo|Special Arrangement
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്നരായ സിനിമ താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ഷാറൂഖ് ഖാൻ. 12,400 കോടി രൂപ (1.4 ബില്യൺ ഡോളർ) സമ്പാദ്യവുമായാണ് ബോളിവുഡിലെയും ഹോളിവുഡിലെയും പണക്കാരുടെ പട്ടികയിൽ ഷാറൂഖ് സ്ഥാനം പിടിച്ചത്.
ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഷാറൂഖിനെ ചോദ്യം ചെയ്ത് പുറത്തുവന്നിരിക്കുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. കോടികളുടെ ആസ്തിയുണ്ടായിട്ടും പാൻ മസാലയുടെ പരസ്യത്തിൽ ഷാറൂഖ് അഭിനയിക്കുന്നതിലെ ധാർമികതയും ആവശ്യകതയും ചോദ്യം ചെയ്താണ് ധ്രുവ് റാഠി രംഗത്തുവന്നിരിക്കുന്നത്. ഷാറൂഖ് ഖാനോടുള്ള എന്റെ ചോദ്യം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോയിൽ ഇത്രയധികം കാശുണ്ടായിട്ടും മതിയായില്ലേ എന്നാണ് ധ്രുവ് ചോദിക്കുന്നത്.
' ഷാറൂഖ് ഖാൻ ശതകോടീശ്വരനായിരിക്കുന്നു. വാർത്തകൾ പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 1.4 ബില്യൺ ഡോളറാണ്. ഇന്ത്യൻ റുപീ 12,400 കോടി രൂപയോളം വരുമിത്. അതെത്രത്തോളം പണമുണ്ടെന്നത് ഊഹിക്കുന്നതിനുമപ്പുറത്താണ്.' എന്ന് ധ്രുവ് പറയുന്നു. ഇത്രയും സ്വത്തിന്റെ പലിശ തന്നെ എത്ര രൂപയുണ്ടാകും. പരസ്യങ്ങളിൽ നിന്നുൾപ്പടെ വരുമാനം കുന്നുകൂടുന്നു. അങ്ങനെയുള്ള ഘട്ടത്തിൽ എനിക്ക് ഷാറൂഖിനോട് ചോദിക്കാനുള്ളത് ഇതാണ്. നിങ്ങൾക്ക് ഇത്രയും പണം പോരെ? പിന്നെന്തിനാണ് കാശിനുവേണ്ടി ഹാനികരമായ പാൻമസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നത്? 100 മുതൽ 200 കോടി രൂപയാണ് ബോളിവുഡ് അഭിനേതാക്കൾക്ക് പാൻ മസാല പരസ്യത്തിൽ നിന്ന് പ്രതിഫലമായി ലഭിക്കുന്നതെന്ന് വാർത്തകളുടെ അടിസ്ഥാനത്തിൽ ധ്രുവ് വ്യക്തമാക്കുന്നു.
100-200 കോടി രൂപക്ക് വേണ്ടി പാൻ മസാലയുണ്ടാക്കുന്ന സാമൂഹിക ആഘാതങ്ങൾ കണക്കിലെടുക്കാതെ പരസ്യത്തിൽ അഭിനയിക്കുന്നതിനെ ധ്രുവ് തന്റെ വിഡിയോയിൽ വിമർശിക്കുന്നു. 'നിങ്ങളുടെ മനസാക്ഷിയോട് സത്യസന്ധമായി ചോദിക്കൂ..സമ്പത്തിന്റെ മഹാശേഖരം കൊണ്ട് എന്ത് ചെയ്യാനാണ്? മറ്റൊരു രീതിയിൽ ചിന്തിച്ചു നോക്കൂ...രാജ്യത്തെ ഏറ്റവും പ്രമുഖനായ നടൻ ഇത്തരത്തിൽ ഹാനികരമായ വസ്തുക്കളുടെ പ്രചാരകനാകാതെ മാറിനിൽക്കുന്നുവെന്ന് കരുതുക, അത് ഉണ്ടാക്കിയേക്കാവുന്ന മാറ്റത്തെക്കുറിച്ച് ആലോചിച്ചുകൂടേ..' എന്ന് ധ്രുവ് ചോദിക്കുന്നു.