'ഇദ്ദയും നികാഹ് ഹലാല'യും നിയമവിരുദ്ധം?; ഉത്തരാഖണ്ഡ് നിയമസഭയിൽ ഏക സിവിൽകോഡ് ബിൽ ചർച്ച പുരോഗമിക്കുന്നു

ഉത്തർപ്രദേശ്, ഹരിയാന, അസം, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ബില്ലിനായി ശ്രമം ആരംഭിച്ചു

Update: 2024-02-06 16:01 GMT
Advertising

ഏക സിവിൽകോഡ് ബില്ലിൻമേൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ചർച്ച പുരോഗമിക്കുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് പ്രത്യേക സഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയവയിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒറ്റ നിയമം നിർദേശിക്കുന്നതാണ് കരട് ബിൽ. ഉത്തരാഖണ്ഡിന് പിന്നാലെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകസിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്.

നാല് വാല്യങ്ങളിലായി 740 പേജുള്ള ബില്ലാണ് പുഷ്‌കർ സിംഗ് ധാമി ഉത്തരാഖണ്ഡ് നിയമസഭയില് അവതരിപ്പിച്ചത്. മുസ്‌ലിംകളുടെ വിശ്വാസപരമായ ഇദ്ദ ആചാരവും നികാഹ് ഹലാലയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന നിയമം, ഹിന്ദു പിന്തുടർച്ച സ്വത്തവകാശ നിയമങ്ങളുടെ വ്യവസ്ഥകൾ ആവർത്തിക്കുന്നുണ്ട്. കുറഞ്ഞ വിവാഹ പ്രായം പുരുഷന് 21ഉം സ്ത്രീക്ക് 18ഉം ആയി നിയമം നിഷ്‌കർഷിക്കുന്നുണ്ട്. വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് തടവുശിക്ഷയും ഏകസിവിൽ കോഡിൽ ഉണ്ട്.

സ്വത്തവകാശം, വിവാഹ മോചനം തുടങ്ങി വ്യക്തി നിയമങ്ങളിലെ വകുപ്പുകൾ ബിൽ യാഥാർത്ഥ്യമാകുന്നതോടെ ഇല്ലാതാകും. എല്ലാ വ്യക്തി നിയമങ്ങളും പൊളിച്ചെഴുതുന്ന ബിൽ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ അറിയിച്ചു. നാല് ദിവസത്തെ പ്രത്യേക സഭാ സമ്മേളനം വിളിച്ച് ഉത്തരാഖണ്ഡ് ഏക സിവിൽകോഡ് നടപ്പാക്കാൻ തീരുമാനിച്ചതോടെ ഉത്തർപ്രദേശ്, ഹരിയാന, അസം, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ബില്ലിനായി ശ്രമം ആരംഭിച്ചു. ഗുജറാത്ത് ഇതിനോടകം ബില്ലിന്റെ സാധ്യതയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News