'റെയിൽവെ മന്ത്രിക്ക് നാണക്കേട് തോന്നുന്നില്ലേ'?; ഉപയോഗിച്ച കണ്ടെയ്നറുകൾ കഴുകി വീണ്ടും ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

ജീവനക്കാരന്‍ കണ്ടെയ്നറുകള്‍ കഴുകുന്ന വീഡിയോയടക്കം പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

Update: 2025-10-19 08:21 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:ജോഗ്ബാനി അമൃത് ഭാരത് എക്സ്‍പ്രസില്‍  ഭക്ഷണം വിതരണം ചെയ്ത കണ്ടെനറുകൾ കഴുകി വീണ്ടും ഭക്ഷണം നൽകിയെന്ന് ആരോപണം. അലുമിനിയം ഫോയിൽ കണ്ടെനറുകൾ ജീവനക്കാരൻ കഴുകുന്നതിൻ്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16601) നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

റെയിൽവേ കാന്റീൻ ജീവനക്കാരോടൊപ്പം ജോലി ചെയ്യുന്ന ജീവനക്കാരനാണ് യാത്രക്കാര്‍ക്കുള്ള വാഷ് ബേസിനിൽ ഡിസ്പോസിബിൾ പാത്രങ്ങള്‍ കഴുകുന്നത്. ഇത് ഒരു യാത്രക്കാരന്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വൃത്തിയാക്കിയ പാത്രങ്ങള്‍ ഇയാള്‍ വീണ്ടും ഉപയോഗിക്കുന്നതിനായി അടുക്കിവെക്കുന്നതും വിഡിയോയില്‍ കാണാം.

Advertising
Advertising

വീഡിയോ റെക്കോർഡ് ചെയ്യുന്ന യാത്രക്കാരന്‍  ചോദ്യം ചെയ്തപ്പോൾ, പാത്രം കഴുകുന്നയാള്‍ മനുഷ്യൻ പരിഭ്രാന്തനാകുന്നുണ്ട്. ഇയാള്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തിരിച്ചയക്കാന്‍ വേണ്ടിയാണ് കണ്ടെയ്നറുകൾ വൃത്തിയാക്കിയതാണെന്ന് അയാൾ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ എന്തുകൊണ്ട് പാന്റ്രി വിഭാഗത്തിൽ നിന്ന് മാറി പാസഞ്ചർ ഏരിയയിൽ വന്ന് ഇവ കഴുകുന്നത് എന്ന ചോദ്യത്തിന് അയാള്‍ക്ക് ഉത്തരമില്ലായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതാണോ റെയിൽവേ മന്ത്രി പറയുന്ന സൗകര്യങ്ങളെന്ന് ദൃശ്യങ്ങള്‍ സഹിതം എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ചോദിച്ചു. പൊതുജനങ്ങളിൽ നിന്ന് ടിക്കറ്റുകൾക്ക് മുഴുവൻ ചാർജും ഈടാക്കുന്നു. എന്നിട്ട് നിന്ദ്യമായ പ്രവൃത്തി നടക്കുന്നു.നാണക്കേട് തോന്നുന്നില്ലേയെന്നും അശ്വിനി വൈഷ്ണവിനോട് കോണ്‍ഗ്രസ് ചോദിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി റെയില്‍വെ രംഗത്തെത്തി. 

വിഷയം അതീവ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ടെന്നും  വിൽപ്പനക്കാരനെ തിരിച്ചറിഞ്ഞ് ഉടനടി നീക്കം ചെയ്തിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചു. കൂടാതെ ഭക്ഷണവിതരണത്തിന് ലൈസന്‍സ് എടുത്തയാളുടെ   ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്ന് കനത്ത പിഴയും ചുമത്തിയിട്ടുണ്ടെന്നും റെയില്‍വെ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ എക്സ് പോസ്റ്റിലായിരുന്നു റെയില്‍വെയുടെ വിശദീകരണം.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News