മൊബൈൽ ഫോണിനെച്ചൊല്ലി തർക്കം; കുക്കർ അടപ്പുകൊണ്ട് തലയ്ക്കടിച്ച് പിതാവിനെ കൊലപ്പെടുത്തി മകൾ
ഗുരുതരമായി പരിക്കേറ്റ രമേഷ്‌സിൻഹ് വീടിന് പുറത്തേക്ക് നടന്നെങ്കിലും അൽപദൂരം പിന്നിട്ടതോടെ കുഴഞ്ഞുവീണു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ 22കാരിയായ മകൾ അറസ്റ്റിൽ. കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബർ 31നായിരുന്നു സംഭവം.
അമ്രോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കോസാദ് ആവാസ് എച്ച്-5ലാണ് സംഭവം. വീട്ടുജോലികളെച്ചൊല്ലി പിതാവ് രമേഷ്‌സിൻഹ് കൈലാഷ്‌സിൻഹ് രാജ്പുതും മകൾ കാജലും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പിതാവ് മകളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞതോടെ തർക്കം രൂക്ഷമായെന്നാണ് റിപ്പോർട്ട്.
തുടർന്ന് കാജൽ കുക്കറിന്റെ അടപ്പുപയോഗിച്ച് പിതാവിന്റെ തലയ്ക്ക് പലതവണ അടിക്കുകയും അടുക്കളയിലെ കത്തിയുപയോഗിച്ച് വയറ്റിൽ കുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ രമേഷ്‌സിൻഹ് വീടിന് പുറത്തേക്ക് നടന്നെങ്കിലും അൽപദൂരം പിന്നിട്ടതോടെ കുഴഞ്ഞുവീണു.
കുടുംബാംഗങ്ങൾ 108 ആംബുലൻസ് സേവനത്തെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ മഞ്ജുബെൻ അമ്രോലി പൊലീസ് സ്റ്റേഷനിലെത്തി മകൾക്കെതിരെ പരാതി നൽകി.കാജലിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.