ബെംഗളൂരു: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് പൊതു അവധി പ്രഖ്യാപിക്കില്ലെന്ന നിലപാടിലുറച്ച് കർണാടക സർക്കാർ. തങ്ങളുടെ ഭക്തിയോ മതമോ പബ്ലിസിറ്റിക്കുള്ളതല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വ്യക്തമാക്കി.
'ഞങ്ങളുടെ ഭക്തി, മതം ഇതൊക്കെ പരസ്യമാക്കി നടക്കില്ല. ആരും ഇതേക്കുറിച്ചൊന്നും ഞങ്ങളോട് ചോദിക്കേണ്ടതില്ല. ഞങ്ങളുടെ മന്ത്രിമാർ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാറുണ്ട്. നമ്മുടെ പ്രാർഥനകൾക്ക് ഫലമുണ്ടാകും. എല്ലാവരും പ്രാർഥിക്കണമെന്ന് തന്നെയാണ് പറയാനുള്ളത്'- അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിൽ രാമനുണ്ട്. എന്റെ പേരിൽ ശിവനുണ്ട്. ഞങ്ങളെയാരും ഒന്നും പഠിപ്പിക്കേണ്ടതില്ല. സമ്മർദം ചെലുത്തുകയും വേണ്ട. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും'- അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാത്തതിന് കർണാടക സർക്കാരിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
ഉത്തർപ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ല.
ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡും തീരുമാനിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, അധിർരഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.