വനിതാ സംവരണവുമായി ബന്ധപ്പെടുത്തി അതിർത്തി പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡിഎംകെ. പുതിയ സാഹചര്യത്തിൽ ഡിഎംകെ നിലപാട് മയപ്പെടുത്തി എന്ന അഭ്യൂഹങ്ങൾക്കിടെ സ്റ്റാലിന്റെ മകനും തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. ' പാർട്ടി തുടക്കം മുതൽ അതിർത്തി പുനർനിർണ്ണയത്തെ എതിർത്തിട്ടുണ്ടെന്നും ഇനിയും എതിർക്കുമെന്നുമാണ് ഉദയനിധി സ്റ്റാലിൻ ഇന്ത്യാ ടുഡേയോട് പറഞ്ഞത്. അതേസമയം, വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിജയ് തമിഴ്നാട്ടിലെ എംപിമാരുടെ യോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം ഉയർത്തുന്നത് തടയുന്ന വ്യവസ്ഥ മാറ്റാൻ കൊണ്ടുവന്ന ഭരണഘടന ഭേദഗതി (131-ാം ഭേദഗതി) ബിൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്ത് തോൽപ്പിച്ചിരുന്നു. അന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ, തമിഴ്നാട്ടിൽ വിജയിയുടെ പാർട്ടിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡിഎംകെ ദേശീയതലത്തിൽ 'ഇൻഡ്യ' സഖ്യം വിട്ടിരുന്നു. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. ഇതുവഴി ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയരും.
ബില്ലിനെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്: "അതിർത്തി പുനർനിർണയത്തെ ഡിഎംകെ എപ്പോഴും എതിർത്തിട്ടുണ്ട്. ഭാവിയിലും ഞങ്ങൾ ഇതിനെ എതിർക്കും. ഇതൊരു പുതിയ വിഷയമല്ല. കേന്ദ്ര സർക്കാർ ഇത് ആദ്യമായി ഉയർന്നുവരുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്."അതേസമയം, മൂന്ന് ഭേദഗതികൾ ഉൾപ്പെടുത്തിയാൽ ഡിഎംകെ ബില്ലിനെ പിന്തുണച്ചേക്കുമെന്ന് ദി ഹിന്ദുവിൽ വന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഉദയനിധിയുടെ ഈ വിശദീകരണം. ലോക്സഭയിൽ 22 എംപിമാരും രാജ്യസഭയിൽ 8 എംപിമാരുമുള്ള ഡിഎംകെ പാർലമെന്റിലെ അഞ്ചാമത്തെ വലിയ കക്ഷിയാണ്.
അടുത്ത 25 വർഷത്തേക്ക് 2011-ലെ സെൻസസിന് പകരം 1971-ലെ സെൻസസ് തന്നെ അതിർത്തി പുനർനിർണയത്തിന് അടിസ്ഥാനമാക്കണം. ഏപ്രിലിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാക്കാൽ ഉറപ്പുനൽകിയതുപോലെ എല്ലാ സംസ്ഥാനങ്ങൾക്കും ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർധനവ് നടപ്പാക്കണം. നിർദ്ദിഷ്ട പുനർനിർണയത്തിന് ശേഷം ഓരോ സംസ്ഥാനത്തിനും എത്ര സീറ്റുകൾ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സംസ്ഥാന തിരിച്ചുള്ള പട്ടിക ബില്ലിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങൾ ഡിഎംകെ ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ. ഡിഎംകെ നിലപാടിനെതിരെ രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു.
ജനസംഖ്യ അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് വടക്കൻ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാക്കുമെന്നാണ് തമിഴ്നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പ്രധാന വാദം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയവരാണ്. സ്വാഭാവികമായും മണ്ഡല പുനർനിർണയത്തിൽ തങ്ങൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കില്ല എന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വാദം. ജനസംഖ്യ കുറഞ്ഞതിനാൽ ദക്ഷിണേന്ത്യയിലെ സീറ്റുകളുടെ വർധനവ് വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള എംപിമാരുടെ എണ്ണം കുറക്കുംനികുതി വിഹിതത്തിൽ കുറവ് വരുത്തും എന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നിലപാട്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യത്തെ ജനസംഖ്യയുടെ 24 ശതമാനമാണ് ഉള്ളത്. നിലവിൽ തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റുകളാണുള്ളത്. 50 ശതമാനം വർധനവ് നടപ്പാക്കിയാൽ തമിഴ്നാട്ടിലെ സീറ്റുകൾ 59 ആയി ഉയരും.
സീറ്റുകളിൽ 50ശതമനാനം വർധന വരുത്തിയാലും വടക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യം വർദ്ധിക്കുകയേ ഉള്ളൂ. ആന്ധ്രാപ്രദേശ് എംപി ചന്ദ്രബാബു നായിഡുവിന് നൽകിയ മറുപടിയിൽ കേരള എംപി ശശി തരൂർ ശമ്പള വർധനവിന്റെ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കിയിരുന്നു.ശശി തരൂരിന്റെ ഉദാഹരണം ഇങ്ങനെയായിരുന്നു.'-നിങ്ങളുടെ ശമ്പളം 2 ലക്ഷം രൂപയും ഡ്രൈവറുടെ ശമ്പളം 20,000 രൂപയുമാണെന്ന് കരുതുക. രണ്ടുപേർക്കും 50 ശഥമാനം ശമ്പള വർധനവ് ലഭിച്ചാൽ നിങ്ങളുടെ ശമ്പളം 3 ലക്ഷവും ഡ്രൈവറുടേത് 30,000 രൂപയുമാകും. ശതമാനക്കണക്കിൽ വർധനവ് ഒന്നാണെങ്കിലും നിങ്ങൾക്ക് തന്നെയാണ് വലിയ നേട്ടം."ഇതേ യുക്തി ലോക്സഭാ സീറ്റുകളിലും ബാധകമാണ്. 50 ശതമാനം വർധനവ് വരുമ്പോൾ ഉത്തർപ്രദേശിലെ സീറ്റുകൾ 80-ൽ നിന്ന് 120 (+40) ആയി ഉയരുമ്പോൾ കേരളത്തിലെ സീറ്റുകൾ 20-ൽ നിന്ന് 30 (+10) ആയി മാത്രമേ ഉയരൂ. ഇതോടെ യുപിയും കേരളവും തമ്മിലുള്ള സീറ്റുകളുടെ വിടവ് 60-ൽ നിന്ന് 90 ആയി വർധിക്കും. അതിർത്തി പുനർനിർണയ നീക്കം "പക്ഷപാതപരമാണ്" എന്ന് വിശേഷിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി വിജയ് ശനിയാഴ്ച എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ലോക്സഭാ, രാജ്യസഭാ എംപിമാർ യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ പാർട്ടി എംപിമാരെയും സ്വാഗതം ചെയ്ത വിജയിയുടെ നീക്കത്തെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രശംസിച്ചു.കഴിഞ്ഞ 12 വർഷത്തിനിടെ 5 മുഖ്യമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയം നോക്കാതെ എല്ലാ പാർട്ടി എംപിമാരെയും നേരിട്ട് ചർച്ചയ്ക്ക് ക്ഷണിക്കുന്ന ഒരു തമിഴ്നാട് മുഖ്യമന്ത്രിയെ ഇതാദ്യമായാണ് കാണുന്നതെന്ന് മാണിക്യം ടാഗോർ എക്സിൽ കുറിച്ചു. നിലപാട് നിർണ്ണായകമാകും.