'തോൽക്കുമ്പോൾ മാത്രം കുറ്റം പറയരുത്, ഇവിഎമ്മിൽ വിശ്വാസമില്ലാത്തവർ മത്സരിക്കരുത്': കോൺഗ്രസിനെ ലക്ഷ്യമിട്ട് ഉമർ അബ്ദുള്ള

''ഇവിഎമ്മുകളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കണം. പ്രശ്നമുണ്ടെന്ന് വിശ്വസിക്കുമ്പോൾ എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും''

Update: 2024-12-16 06:32 GMT

ശ്രീനഗർ: ഇലക്ട്രോണിക് വോട്ടിങ് മെഷീനെ(ഇവിഎം) ചുറ്റിപറ്റിയുള്ള കോൺഗ്രസിന്റെ ആശങ്കകളിൽ പങ്കുചേരാതെ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ്(എന്‍സി) നേതാവുമായ ഉമർ അബ്ദുള്ള.

ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ചും പ്രചാരണം ശക്തമാക്കിയും കോൺഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് വ്യത്യസ്ത അഭിപ്രായവുമായി 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായ നാഷണൽ കോൺഫറൻസ് രംഗത്ത് എത്തുന്നത്. ഇവിഎമ്മുകൾ ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.

Advertising
Advertising

എന്നാൽ തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്ന നിലപാട് ശരിയല്ലെന്നാണ് ഉമർ അബ്ദുള്ള പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ അബ്ദുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. 

'ഇവിഎമ്മുകൾ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പിൽ നൂറിലധികം പാർലമെൻ്റ് അംഗങ്ങളെ ലഭിക്കുകയും അത് പാർട്ടിയുടെ വിജയമായി ആഘോഷിക്കുകയും പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ഇവിഎമ്മുകൾക്കെതിരെ തിരിയുകയും ചെയ്യുന്നത് ഉചിതമല്ല. ഇവിഎമ്മുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ, ആ പ്രശ്‌നങ്ങളിൽ ഉറച്ചുനിൽക്കണം. ഇവിഎമ്മുകളിൽ പ്രശ്‌നമുണ്ടെന്ന് വിശ്വസിക്കുമ്പോൾ എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും. മെഷിനുകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോരാടണം. ജയിക്കുമ്പോൾ നിശബ്ദത പാലിക്കുന്നതും പരാജയപ്പെട്ടാൽ മെഷിനെതിരെ സംസാരിക്കുന്നതും ശരിയല്ല. വോട്ടിങ് രീതിയിൽ വിശ്വസിക്കുന്നില്ലെങ്കിൽ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത്'. ഉമർ അബ്ദുള്ള പറഞ്ഞു.  

ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്ത സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. താന്‍ ഒരിക്കലും ഇവിഎമ്മിനെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'' എല്ലാവരും വിശ്വസിക്കുന്നതിന് വിരുദ്ധമായി, സെൻട്രൽ വിസ്ത പദ്ധതി ഒരു നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. ഒരു പുതിയ പാർലമെൻ്റ് കെട്ടിടം നിർമ്മിക്കുന്നത് ഒരു മികച്ച ആശയമാണെന്നും ഞാൻ വിശ്വസിക്കുന്നു''- ഉമര്‍ അബ്ദുല്ല പറഞ്ഞു. അതേസമയം ബിജെപി വക്താവിനെപോലെയാണ് ഉമറിന്റെ പരാമർശമെന്ന് അഭിമുഖം നടത്തുന്നയാൾ ചൂണ്ടിക്കാണിച്ചപ്പോള്‍, 'ഞാൻ ബിജെപി വക്താവല്ല, എന്താണോ ശരി അതിലുറച്ചുനില്‍ക്കുക എന്നാണ് തന്റെ നിലപാടെന്നും'- അദ്ദേഹം കൂട്ടിചേർത്തു. 

സെപ്റ്റംബറിൽ നടന്ന ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷിയായ കോൺഗ്രസുമായി, നാഷണൽ കോൺഫറൻസിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഉമർ അബ്ദുള്ളയുടെ പരാമർശം എന്നതാണ് ശ്രദ്ധേയം. പ്രചാരണ വേളയിൽ മറ്റും കോണ്‍ഗ്രസ് സജീവമായിരുന്നില്ലെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിമര്‍ശം. എന്നിട്ടും 90 അംഗ നിയമസഭയിൽ എൻസി 42 സീറ്റ് നേടി. കോൺഗ്രസിന് ആറ് സീറ്റുകളെ സ്വന്തമാക്കാനായുള്ളൂ.  

നേരത്തെ 'ഇന്‍ഡ്യ' സഖ്യത്തിനെ കോൺഗ്രസ് നയിക്കുന്നതിനെതിരെയും ഉമർ രംഗത്തുവന്നിരുന്നു. നേതൃപദവി പ്രവർത്തിച്ചു നേടേണ്ടതാണെന്നും അതൊരു അവകാശമല്ല എന്നുമായിരുന്നു കോൺഗ്രസിനെ ഉദ്ദേശിച്ചുകൊണ്ട് ഉമർ പറഞ്ഞത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News