യുപിയിൽ ചെറുകക്ഷികളെ കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ എസ്പി

സമാജ്‌വാദി പാർട്ടി മുഴുവന്‍ ചെറുകക്ഷികൾക്കും മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിലേഷ് യാദവ് പറഞ്ഞു

Update: 2021-08-01 15:00 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളെ ചേർത്ത് സഖ്യം രൂപീകരിക്കാൻ സമാജ്‌വാദി പാർട്ടി(എസ്പി). എസ്പി തലവൻ അഖിലേഷ് യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയോടാണോ എസ്പിയോടാണോ പോരാട്ടമെന്ന് കോൺഗ്രസും ബിഎസ്പിയും തീരുമാനിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു.

പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളെക്കുറിച്ച് അഖിലേഷ് മനസുതുറന്നത്. എല്ലാ ചെറുകക്ഷികൾക്കും മുന്നിൽ എസ്പി വാതിൽ തുറന്നിട്ടിരിക്കുകയാണ്. നിരവധി ചെറുകക്ഷികൾ ഇപ്പോൾ തന്നെ ഞങ്ങളുടെ കൂടെയുണ്ട്. കൂടുതൽ കക്ഷികൾ ഇനിയും കൂടെച്ചേരും-അദ്ദേഹം സൂചിപ്പിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനിരിക്കുന്ന അമ്മാവൻ ശിവ്പാൽ യാദവിന്റെ പ്രഗതിശീൽ സമാജ്‌വാദി പാർട്ടിയെക്കുറിച്ചും അഖിലേഷ് പ്രതികരിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ മുഴുവൻ കക്ഷികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായും ഓം പ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്പിയുമായും ഇതുവരെ സഖ്യചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെഗാസസ് ഫോൺചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ അഖിലേഷ് രൂക്ഷമായി വിമർശിച്ചു. എൻഡിഎയ്ക്ക് ലോക്‌സഭയിൽ 350ലേറെ അംഗങ്ങളുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ ബിജെപിയാണ് ഭരിക്കുന്നതും. അപ്പോൾ ഈ ഒളിഞ്ഞുനോട്ടം എന്തിനാണ്? അതിലൂടെ സർക്കാർ ലക്ഷ്യമിട്ടത് എന്താണ്? വിദേശശക്തികളെ സഹായിക്കുകയാണ് അതുവഴി സർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News