എസ്ഐആർ; ഗുജറാത്തിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 73 ലക്ഷം പേർ പുറത്ത്
അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 17ന് പ്രസിദ്ധീകരിക്കും
ഗാന്ധിനഗർ: എസ്ഐആറിൽ തമിഴ്നാട്ടിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഗുജറാത്തിലെയും കരട് വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചു. പട്ടികയിൽ നിന്ന് 73 ലക്ഷം പേർ പുറത്തായി. തമിഴ്നാട്ടിൽ എസ്ഐആർ പട്ടിക പുറത്തുവന്നപ്പോൾ 97 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.
ഗുജറാത്തിലുടനീളമുള്ള 4.34 കോടിയിലധികം വോട്ടർമാരുടെ പരിശോധന നടന്നു. പേരുകൾ ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് 2026 ജനുവരി 18 വരെ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാം.
അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 17-ന് പ്രസിദ്ധീകരിക്കും. മരിച്ചു പോയതിനാൽ 18,07,278 പേരെയും, താമസ്സം മാറിപ്പോയ 40,25,553 പേരെയും, കണ്ടെത്താൻ പറ്റാത്ത കാരണത്താൽ 9,69,662 പേരെയും ഇരട്ട വോട്ടുകളുടെ പേരിൽ 3,81,470 പേരും പട്ടികയിൽ നിന്ന് പുറത്തായതായാണ് കമ്മീഷൻ കണക്ക്. മറ്റു കാരണങ്ങളുടെ പേരിൽ 1,89,364 പേരാണ് പുറത്തായത്. ആകെ രജിസ്റ്റർ ചെയ്ത 5,08,43,436 വോട്ടർമാരിൽ 4,34,70,109 വോട്ടർമാരിൽ നിന്നും ഫോമുകൾ ലഭിച്ചതായാണ് കമ്മീഷൻ പറയുന്നത്.