സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ ഡ്രൈവർ മുഹമ്മദ് ആലം ജയിൽ മോചിതനായി

യു.എ.പി.എ കേസിലും ഇ.ഡി കേസിലും ജാമ്യം ലഭിച്ച് രണ്ട് മാസത്തിന് ശേഷമാണ് ആലം ജയിലിൽ മോചിതനാകുന്നത്

Update: 2023-01-05 16:13 GMT
Editor : banuisahak | By : Web Desk

ഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാർ ഡ്രൈവർ മുഹമ്മദ് ആലം ജയിൽ മോചിതനായി. യു.എ.പി.എ കേസിലും ഇ.ഡി കേസിലും ജാമ്യം ലഭിച്ച് രണ്ട് മാസത്തിന് ശേഷമാണ് ആലം ജയിലിൽ മോചിതനാകുന്നത്.

കാപ്പന്റെ ഡ്രൈവറായി അദ്ദേഹത്തിനൊപ്പം ഹാത്രസിലേക്ക് പോയ ആലമിന് ജാമ്യം ലഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാനായിരുന്നില്ല. യു.പി പൊലീസ് ചുമത്തിയ യു.എ.പി.എ കേസിലും ഇ.ഡി കേസിലും ആലമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ അഞ്ചുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രസിൽ ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് ഇവർ അറസ്റ്റിലായത്. ആഗസ്റ്റ് 23-നാണ് യു.എ.പി.എ കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 31ന് പി.എം.എൽ.എ കേസിലും ജാമ്യം ലഭിച്ചു. പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാകാത്തതിനാൽ അറസ്റ്റിലായി 26 മാസത്തിന് ശേഷം ആലം ജയിലിൽ തുടരുകയായിരുന്നു.

Advertising
Advertising

കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചും ജാമ്യം അനുവദിച്ചു. ആലമിന് വെരിഫിക്കേഷൻ നൽകാതെ അനാവശ്യമായി വൈകിപ്പിക്കുന്ന നടപടി കാപ്പന്റെ കാര്യത്തിലും തുടരുമോ എന്ന ആശങ്കയിലാണ് കുടുംബം.

അതേസമയം, സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരി ആദ്യവാരമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി രണ്ടിന് വിധിപ്പകർപ്പ് ലഭിച്ച ശേഷമാകും തുടർനടപടികൾ ആരംഭിക്കുക. ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ അതിനുശേഷം ലഭിക്കും. കഴിഞ്ഞ സെപ്തംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലായിരുന്നു കാപ്പന്റെ മോചനം നീണ്ടുപോയത്. ഇതിൽ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News