രണ്ടുപേർക്ക് നമസ്‌കരിക്കാനായി ബസ് നിർത്തിയെന്ന് പരാതി; യു.പിയിൽ ഡ്രൈവർക്കും സഹായിക്കും സസ്‌പെൻഷൻ

യാത്രക്കാർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയപ്പോൾ രണ്ടുപേർ ഇറങ്ങി നമസ്‌കരിച്ചതാണെന്നും അഞ്ച് മിനിറ്റ് മാത്രമാണ് ബസ് നിർത്തിയതെന്നും ഡ്രൈവർ പറഞ്ഞു.

Update: 2023-06-07 13:15 GMT

ബറേലി: യാത്രക്കിടെ രണ്ടുപേർക്ക് നമസ്‌കരിക്കാനായി ബസ് അഞ്ച് മിനിറ്റ് അധികം നിർത്തിയെന്ന പരാതിയെ തുടർന്ന് യു.പി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യു.പി.എസ്.ആർ.ടി.സി) ഡ്രൈവറെയും സഹായിയേയും സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഡൽഹിയിലേക്കുള്ള 'ജൻരത്' എ.സി ബസാണ് യാത്രക്കാർക്കായി കുറച്ചുനേരം നിർത്തിയത്. 14 യാത്രക്കാരുമായി ബസ് രാത്രി ഒമ്പത് മണിയോടെ ബറേലി ടെർമിനലിൽനിന്ന് പുറപ്പെട്ട് രാംപൂർ ജില്ലയിലെ മിലാക് ഏരിയയിൽ ദേശിയപാത-24ൽ ഷെഡ്യൂൾ ചെയ്യാതെ നിർത്തിയതാണ് നടപടിക്ക് കാരണം.

ബസ് നിർത്തിയപ്പോൾ രണ്ടുപേർ ഇറങ്ങി നമസ്‌കരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകർത്തി മറ്റു രണ്ട് യാത്രക്കാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ നൽകിയ പരാതിയെ തുടർന്നാണ് ഡ്രൈവർ കെ.പി സിങ്, സഹ ഡ്രൈവർ മോഹിത് യാദവ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്.

Advertising
Advertising

അതേസമയം ബസിൽ 14 യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുപേർ ശുചിമുറിയിൽ പോകാനായാണ് ബസ് നിർത്തിയതെന്നും ഡ്രൈവർ പറഞ്ഞു. ഈ സമയം രണ്ട് യാത്രക്കാർ നമസ്‌കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അഞ്ച് മിനിറ്റ് അധികം നിർത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രാർഥിച്ചതുകൊണ്ട് അവർ എന്തെങ്കിലും തെറ്റ് ചെയ്തതായി തങ്ങൾ കരുതുന്നില്ലെന്നും സസ്‌പെൻഷനെതിരെ നിയപരമായി പോരാടുമെന്നും സഹ ഡ്രൈവർ പറഞ്ഞു.

യാത്രക്കാരിൽനിന്ന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിയെന്നും തിരക്കേറിയ ഹൈവേയിൽ ബസ് നിർത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഡ്രൈവറെയും സഹ ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തതെന്നും യു.പി.എസ്.ആർ.ടി.സി ബറേലി റീജ്യനൽ മാനേജർ ദീപക് ചൗധരി പറഞ്ഞു.

സസ്‌പെൻഡ് ചെയ്യപ്പെട്ട ജീവനക്കാർക്ക് പിന്തുണയുമായി എംപ്ലോയീ വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. കൃത്യമായ അന്വേഷണമില്ലാതെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ലെന്നും അത്തരം പരാതികളിൽ സമിതി രൂപീകരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം നടപടിയെടുക്കണമെന്നും എന്നാൽ ഈ സംഭവത്തിൽ ജീവനക്കാർക്ക് വിശദീകരണത്തിന് അവസരം ലഭിച്ചില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് ഹരിമോഹൻ മിശ്ര പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News