മയക്കുമരുന്ന് കേസ്; ആര്യനു പിന്നാലെ അര്‍ബാസും മുണ്‍മുണും ജയില്‍മോചിതരായി

മധ്യപ്രദേശിലേക്ക് പോകാന്‍ മുണ്‍മുണ്‍ ധമേച്ച എന്‍.സി.ബിക്ക് അപേക്ഷ നല്‍കും

Update: 2021-10-31 10:21 GMT
Advertising

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് പിന്നാലെ അര്‍ബാസ് മര്‍ച്ചന്റും മുണ്‍മുണ്‍ ധമേച്ചയും ജയില്‍മോചിതരായി. വ്യാഴാഴ്ചയാണ് ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു. ഇതാണ് ജയില്‍മോചനം വൈകാനിടയാക്കിയത്. 

ഇന്നു രാവിലെയാണ് മുണ്‍മുണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സ്വദേശമായ മധ്യപ്രദേശിലേക്ക് പോകാനാണ് ഇവരുടെ തീരുമാനമെങ്കിലും ഇതിന്, എന്‍.സി.ബിയുടെ അനുമതി വേണം. യാത്രാ അനുമതിക്കായി ഉടന്‍തന്നെ എന്‍.സി.ബിക്ക് അപേക്ഷ നല്‍കുമെന്നാണ് മുണ്‍മുണ്‍ ധമേച്ചയുടെ അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഇന്ന് ഉച്ചയോടെ ആര്യന്‍ ഖാന്റെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റും പുറത്തിറങ്ങി. ആര്യനോടൊപ്പം ആര്‍തര്‍റോഡ് ജയിലിലായിരുന്നു അര്‍ബാസിനെയും പാര്‍പ്പിച്ചിരുന്നത്. മൂന്നു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി. ഓഫീസിലെത്തി ഒപ്പിടണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. രാജ്യം വിട്ട് പുറത്തുപോകരുതെന്നും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News