മധ്യപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് ഒരാൾ കൊല്ലപ്പെട്ടു; കുഞ്ഞിന്റെ കാൽ അറ്റുപോയി
പൊലീസ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ഗ്ലാസുകളും പിടിച്ചെടുത്തു.
Photo| Special Arrangement
ഭോപ്പാൽ: മദ്യപിച്ച് കാറോടിച്ച് ഒരാളുടെ ജീവനെടുത്തും കുഞ്ഞുങ്ങളടക്കം നാല് പേർക്ക് പരിക്കേൽപ്പിച്ചും പൊലീസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഭർഭദ്ര ക്രോസിങ്ങിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജാവഡ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മനോജ് യാദവ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ ദശരത് സിങ് എന്നയാൾ തത്ക്ഷണം മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സിങ്ങിന്റെ രണ്ട് മക്കളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ കാൽ അറ്റുപോയി. കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഇടിയുടെ ആഘാതത്തിൽ സിങ്ങിന്റെയും കാൽ മുറിഞ്ഞുപോയിരുന്നു. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന സിങ്ങിന്റെ സമീപത്തിരുന്ന് ഒരു പെൺകുട്ടി കരയുകയും മറ്റൊരു കുട്ടി അബോധാവസ്ഥയിൽ കിടക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ഗ്ലാസുകളും പിടിച്ചെടുത്തു. കാറോടിക്കുന്നതിനിടെയും അപകടത്തിന് തൊട്ടുമുമ്പും ഇയാൾ മദ്യപിച്ചിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ആളുകൾ പറയുന്നു. അപകടത്തിൽ ഒരു ബൈക്ക് പൂർണമായും തകർന്ന് ചിന്നിച്ചിതറിയിരുന്നു.
അതേസമയം, അപകടമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത എസ്പി അങ്കിത് ജയ്സ്വാൾ ഇയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഇതനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
'കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുറ്റക്കാരനായ എഎസ്ഐയ്ക്കെതിരെ ശക്തമായ നിയമ- വകുപ്പുതല നടപടികൾ സ്വീകരിക്കും. അറസ്റ്റിലായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസും രജിസ്റ്റർ ചെയ്തു'- എസ്പി ജയ്സ്വാൾ കൂട്ടിച്ചേർത്തു.
അപകടത്തിൽ, മരിച്ച ദശരഥ് സിങ്ങിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ ഇവർ പ്രധാന റോഡ് ഉപരോധിച്ചു. സിങ്ങിന്റെ രണ്ട് കൊച്ചുകുട്ടികളെ സഹായിക്കാൻ ഒരു കോടി രൂപ സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.