സർക്കാർ പരിപാടികളിൽ നിന്ന് വിട്ട് നിന്ന് ഏക്നാഥ് ഷിൻഡെ; മഹായുതിയിൽ വിള്ളൽ?
മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്നാഥ് ഷിൻഡെയും തമ്മിൽ ഭിന്നതകൾ ഉണ്ടായിരുന്നു
മുംബൈ: മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സർക്കാർ പരിപാടികളിൽ നിന്ന് വിട്ട് നിന്ന് ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്ത മൂന്ന് പരിപാടികളിൽ നിന്നാണ് ഷിൻഡെ വിട്ടുനിന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് 288 നിയമസഭാ സീറ്റുകളിൽ 230 സീറ്റും നേടി ബിജെപി-എൻസിപി- ശിവസേന സഖ്യം സംസ്ഥാനത്ത് അധികാരം നേടിയത്.
താനെ ജില്ലയിലെ ബദ്‌ലാപൂരിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയുടെ ഉദ്ഘാടനം, ചരിത്രപ്രസിദ്ധമായ ആഗ്ര കോട്ടയിൽ മറാത്ത രാജാവിന്റെ ജന്മവാർഷികാഘോഷം, അംബേഗാവ് ബുദ്രുകിലെ ശിവശ്രുഷ്‌ടി തീം പാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എന്നീ പരിപാടികളിലാണ് ഷിൻഡെ പങ്കെടുക്കാതിരുന്നത്.
മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്നാഥ് ഷിൻഡെയും തമ്മിൽ ഭിന്നതകൾ ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രിപദവും പ്രധാന വകുപ്പും നൽകി നേതൃത്വം ഷിൻഡെയെ അനുനയിപ്പിച്ചെങ്കിലും അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. സഖ്യത്തിലെ ഭിന്നതകൾ മൂലം ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരെ തീരുമാനിക്കുന്നത് അനന്തമായി നീണ്ടിരുന്നു.
എന്നാൽ സഖ്യത്തിൽ ശീതയുദ്ധമില്ലെന്ന് കഴിഞ്ഞ ദിവസം ഷിൻഡെ വ്യക്തമാക്കിയിരുന്നു. വികസനത്തെ എതിർക്കുന്നവരാണ് അഭ്യൂഹങ്ങൾക്ക് പിന്നിൽ എന്നായിരുന്നു പ്രതികരണം.