പാകിസ്താന് വേണ്ടി ചാരപ്പണി; മുൻ ബ്രഹ്മോസ് എ‍ഞ്ചിനീയർക്ക് ജീവപര്യന്തം

നാലു വർഷം ബ്രഹ്മോസിൽ സീനിയർ സിസ്റ്റം എൻജിനീയറായിരുന്ന ഇയാൾ 2018ലാണ് അറസ്റ്റിലാവുന്നത്.

Update: 2024-06-03 10:48 GMT

നാഗ്‌പൂർ: പാകിസ്താനു വേണ്ടി ചാരപ്പണി ചെയ്ത മുൻ ബ്രഹ്മോസ് എയ്റോസ്പേസ് എൻജിനീയർക്ക് ജീവപര്യന്തം. ബ്രഹ്മോസിന്റെ നാഗ്പൂരിലെ മിസൈൽ സെന്ററിൽ സാങ്കേതിക ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിഷാന്ത് അഗർവാളിനാണ് നാഗ്പൂർ കോടതി ജീവപര്യന്തം തടവും 3000 രൂപ പിഴയും വിധിച്ചത്.

പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐക്ക് സുപ്രധാന സാങ്കേതിക വിവരങ്ങൾ അ​ഗർവാൾ ചോർത്തിക്കൊടുത്തെന്നാണ് കേസ്. നാലു വർഷം ബ്രഹ്മോസിൽ സീനിയർ സിസ്റ്റം എൻജിനീയറായിരുന്ന അഗർവാൾ 2018ലാണ് അറസ്റ്റിലാവുന്നത്. "ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം അഗർവാളിന് ജീവപര്യന്തം തടവും 14 വർഷം തടവും 3,000 രൂപ പിഴയും കോടതി വിധിച്ചു"- സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി വജാനി പറഞ്ഞു.

Advertising
Advertising

ഐപിസി, ഐടി ആക്ടിലെ സെക്ഷൻ 66 (എഫ്), ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ (ഒഎസ്എ) വിവിധ വകുപ്പുകൾ എന്നിവ പ്രകാരവുമുള്ള കുറ്റങ്ങൾക്കാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 235 പ്രകാരം അഗർവാളിനെ ശിക്ഷിച്ചതെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.വി ദേശ്പാണ്ഡെ ഉത്തരവിൽ പറഞ്ഞു.

യുപിയിലെയും മഹാരാഷ്ട്രയിലേയും മിലിട്ടറി ഇന്റലിജൻസ് ഏജൻസിയും ആന്റി ടെററിസം സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. ഇയാൾക്കെതിരെ ഐപിസിയിലെയും ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെയും ഐടി ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ക്രൂയിസ് മിസൈലുകൾ വികസിപ്പിച്ചെടുക്കാൻ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ സൈനിക വാണിജ്യ കൺസോർഷ്യവും സംയുക്തമായി സ്ഥാപിച്ച സംരംഭമാണ് ബ്രഹ്മോസ് എയറോസ്പേസ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആദ്യത്തെ ചാരവൃത്തി കേസ് ആയിരുന്നു അഗർവാളിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News