'സര്‍ക്കാരിനെതിരെ പോരാടുക'യെന്ന് ചീഫ് ജസ്റ്റിസിന്‍റെ പേരില്‍ വ്യാജ സന്ദേശം; നടപടിയെടുക്കുമെന്ന് സുപ്രിംകോടതി

ചീഫ് ജസ്റ്റിസിന്‍റേതെന്ന പേരില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വ്യാപകമായി പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറൽ

Update: 2023-08-14 11:06 GMT
Advertising

ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ പേരില്‍ വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന സര്‍ക്കാരിനെതിരെ പോരാടുകയെന്ന സന്ദേശം വ്യാജമെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍. ചീഫ് ജസ്റ്റിസിന്‍റെ ഫോട്ടോ സഹിതമാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്.

വ്യാജ സന്ദേശത്തില്‍ പറയുന്നതിങ്ങനെ- "ഇന്ത്യയുടെ ഭരണഘടന, ജനാധിപത്യം സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. എന്നാൽ നിങ്ങളുടെ സഹകരണവും വളരെ പ്രധാനമാണ്. എല്ലാ ജനങ്ങളും ഒന്നിക്കണം. ഒപ്പം തെരുവിലിറങ്ങി സർക്കാരിനോട് അവകാശങ്ങൾ ചോദിക്കൂ. ഈ സ്വേച്ഛാധിപത്യ സർക്കാർ ജനങ്ങളെ ഭയപ്പെടുത്തും. ഭീഷണിപ്പെടുത്തും. പക്ഷേ നിങ്ങൾ ഭയപ്പെടേണ്ടതില്ല. ധൈര്യമായിരിക്കുക. സർക്കാരിനോട് ചോദിക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്".

ചീഫ് ജസ്റ്റിസിന്‍റേതെന്ന പേരില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വ്യാപകമായി പ്രചരിക്കുന്ന ഈ വാട്സ്ആപ്പ് സന്ദേശം വ്യാജമാണെന്നാണ് സുപ്രിംകോടതി സെക്രട്ടറി ജനറൽ അതുൽ കുർഹേക്കർ പറഞ്ഞത്. ഈ സന്ദേശം വ്യാജമാണെന്നും നടപടിയെടുക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പ്രതികരിച്ചു.

ഇക്കാര്യത്തില്‍ സുപ്രിംകോടതി ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കി- "ചീഫ് ജസ്റ്റിസിനെ ഉദ്ധരിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നതായി സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോസ്റ്റ് വ്യാജവും ദുരുദ്ദേശ്യപരവുമാണ്. ചീഫ് ജസ്റ്റിസ് അത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുകയോ അത്തരമൊരു പ്രസ്താവനയ്ക്ക് അംഗീകാരം നല്‍കുകയോ ചെയ്തിട്ടില്ല. നിയമപാലകരുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കും".

"ഒരു ചീഫ് ജസ്റ്റിസും ഇങ്ങനെ പറയില്ല. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെപ്പോലൊരു പ്രഗത്ഭൻ ഒരിക്കലും ചെയ്യില്ല. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്‍റെ പേരില്‍ വ്യാജസന്ദേശം ചമച്ചതിനെതിരെ നടപടിയെടുക്കും"- തുഷാർ മേത്ത പറഞ്ഞു.

Summary- The Secretary General of the Supreme Court has rubbished a purported message being circulated on WhatsApp with a photo of Chief Justice of India DY Chandrachud and claiming that the CJI has asked people to come out on the streets and protest against the government

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News