'പപ്പാ എന്നെ മടിയിൽവെക്കൂ, വേദന സഹിക്കാനാകുന്നില്ല'; ബാസ്‌ക്കറ്റ്‌ബോൾ പോള്‍ ഒടിഞ്ഞുവീണ് മരിച്ച കായിക താരത്തിന്റെ പിതാവ് പറയുന്നു...
പരിശീലനത്തിനിടെ തുരുമ്പിച്ച തൂണുകൾ, കോർട്ടിൽ വീണാണ് മരണം സംഭവിക്കുന്നത്
ഹര്‍ദിക്കിന്റെ മരണത്തിനിടയാക്കിയ സംഭവം Photo - PTI
റോത്തക്ക്: ഹരിയാനയിൽ ബാസ്‌ക്കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞ് രണ്ട് കായിക താരങ്ങള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ബഹാദുർഗഡ് നിവാസിയായ അമൻ കുമാറും ലഖൻ മജ്‌ര നിവാസിയായ ഹർദിക് രതിയുമാണ് മരിച്ചത്. പരിശീലനത്തിനിടെ തുരുമ്പിച്ച തൂണുകൾ, കോർട്ടിൽ ഇവരുടെ മേല്‍ വീണാണ് മരണം സംഭവിക്കുന്നത്. ദേശീയ ജൂനിയർ ബാസ്കറ്റ്ബോൾ കളിക്കാരനാണ് ഹർദിക്. അമന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. വ്യത്യസ്ത അപകടങ്ങളിലാണ് രണ്ടു പേരും മരിക്കുന്നത്.
റോത്തക്കിലെ ലഖൻ മജ്‌ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് ഹര്‍ദിക്കിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദിക് ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്. നിലത്തുവീണ ഹാര്‍ദിക്കിന്റെ നെഞ്ചിൽ പോള്‍ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി പോള്‍ എടുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.
സ്കൂളിന്റെ പരിസരത്തുള്ള ബ്രിഗേഡിയർ ഹോഷിയാർ സിംഗ് സ്റ്റേഡിയത്തിൽ പതിവ് പരിശീലനത്തിനിടെയാണ് വിദ്യാർഥിയായ അമനിന്റെ ദേഹത്തേക്ക് ബാസ്ക്കറ്റ് ബോള്‍ പോള്‍ ഒടിഞ്ഞുവീണത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും അമനെയും രക്ഷിക്കാനായില്ല. ഹര്‍ദിക്കിന്റെ മരണത്തോടെയാണ് അമന്റെ മരണവും വാര്‍ത്തയാകുന്നത്. ഇന്ത്യക്കായി കളിക്കുക എന്നതായിരുന്നു അമന്റെയും ആഗ്രഹം.
അപകടത്തിനുശേഷം മകന്റെ വേദന പങ്കുവെക്കുകയാണ് പിതാവ് സുരേഷ് കുമാർ. പപ്പാ എന്നെ മടിയില്‍ കിടത്തൂ, എനിക്ക് വേദന സഹിക്കാനാകുന്നില്ല എന്നാണ് മകന്‍ അവസാനമായി പറഞ്ഞതെന്ന് സുരേഷ് കുമാര്‍ വിതുമ്പിക്കൊണ്ട് പറയുന്നു.