''ആൾക്കൂട്ടക്കൊലയുടെ പിതാവ്''; രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

ബിജെപി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ കേട്ടുകേൾവിയില്ലായിരുന്നു എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. സിഖ് കൂട്ടക്കൊല ചൂണ്ടിക്കാട്ടിയാണ് ഇതിന് ബിജെപിയുടെ മറുപടി.

Update: 2021-12-21 11:50 GMT
Advertising

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ ആൾക്കൂട്ടക്കൊലപാതകത്തിന്റെ പേരിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് നടന്ന സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ചവരാണ് കോൺഗ്രസുകാരെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

'ആൾക്കൂട്ടക്കൊലയുടെ പിതാവായ രാജീവ് ഗാന്ധിയെ കാണൂ..സിഖുകാർക്കെതിരായ രക്തരൂക്ഷിത വംശഹത്യയെ ന്യായീകരിക്കുകയാണ്. 'രക്തത്തിന് രക്തംകൊണ്ട് പ്രതികാരം ചെയ്യൂ' എന്ന മുദ്രാവാക്യവുമായി കോൺഗ്രസുകാർ തെരുവുകൾ മുഴുവൻ കീഴടക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. സിഖുകാരുടെ കഴുത്തിൽ കത്തുന്ന ടയറുകൾ അണിയിച്ചു, അഴുക്കുചാലുകളിൽ സിഖുകാരുടെ മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുവലിക്കുകയായിരുന്നു'-രാജീവ് ഗാന്ധി പ്രസംഗിക്കുന്ന വീഡിയോയുടെ കൂടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

1969 മുതൽ 1993 വരെ കോൺഗ്രസ് ഭരണകാലത്ത് നടന്ന കലാപങ്ങളുടെ ലിസ്റ്റും മാളവ്യ പോസ്റ്റ് ചെയ്തു. ''അഹമ്മദാബാദ് (1969), ജാൽഗോൺ (1970), മൊറാദാബാദ് (1980), നെല്ലി (1983), ഭിവണ്ടി (1984), ഡൽഹി (1984), അഹമ്മദാബാദ് (1985), ഭഗൽപൂർ (1989), ഹൈദരാബാദ് (1990) കാൺപൂർ (1992), മുംബൈ (1993).....''

''ഇത് ചെറിയൊരു ലിസ്റ്റാണ്, നെഹ്‌റു-ഗാന്ധി പരിവാറിന് കീഴിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്''-മാളവ്യ ട്വീറ്റ് ചെയ്തു.

2014ൽ ബിജെപി അധികാരത്തിൽ വരുന്നതിനു മുമ്പ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News