Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികൾ മരിച്ചു. ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത്.
നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാർഥികൾ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാൽ കൂടുതല്‍ പേരും മെസ്സിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.