നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റു; ഫ്‌ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

നിലവാരമില്ലെന്ന് കണ്ടെത്തിയ 598 പ്രഷർ കുക്കറുകൾ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരച്ചു നൽകാനും ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Update: 2022-08-18 08:57 GMT
Advertising

ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാതെ നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയാണ് പിഴ ചുമത്തിയത്. നിലവാരമില്ലെന്ന് കണ്ടെത്തിയ 598 പ്രഷർ കുക്കറുകൾ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരച്ചു നൽകാനും ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്പന്നത്തിന്റെ ഇൻവോയ്‌സിൽ പ്രധാനപ്പെട്ട വിവരങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ ഉത്പന്നങ്ങളെ വേർതിരിക്കണമെന്നും സിസിപിഐ നിർദേശിച്ചു. ഇത്തരം നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിലൂടെ ഫ്‌ളിപ്കാർട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രഷർ കുക്കറുകളുടെ വിൽപനയിൽനിന്ന് ഫ്‌ളിപ്കാർട്ട് വാണിജ്യപരമായി നേട്ടമുണ്ടാക്കിയെന്നും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്വത്തിൽനിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സിസിപിഎ പറഞ്ഞു.

നിലവാരമില്ലാത്ത നിരവധി ഹെൽമറ്റുകളും പ്രഷർ കുക്കറുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാതെ 1,435 പ്രഷർ കുക്കറുകളും 1,088 ഹെൽമറ്റുകളും ബിഐഎസ് പിടിച്ചെടുത്തതായി സിസിപിഎ അറിയിച്ചു.

നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിന് ഓൺലൈൻ വാണിജ്യരംഗത്തെ മറ്റൊരു അതികായകനായ ആമസോണിനും അടുത്തിടെ പിഴ ചുമത്തിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ഉത്പന്നം വിറ്റഴിച്ചതിന് ഒരു ലക്ഷം രൂപയാണ് ആമസോണിനും സിസിപിഎ പിഴയായി ചുമത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Similar News