'വിദേശ യാത്രകൾ, ഐഫോണുകൾ'; സ്വാമി ചൈതന്യാനന്ദ വിദ്യാര്‍ഥിനികൾക്ക് നൽകിയിരുന്നത് വമ്പൻ ഓഫറുകൾ, നിരസിക്കുന്നവരെ നോട്ടമിടും
നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്
ഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്‍റിന്‍റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
പണവും സൗജന്യ വിദേശ യാത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെൺകുട്ടികൾക്ക് നൽകിയിരുന്നു. ഐഫോണുകൾ, ലാപ് ടോപ്പുകൾ, കാറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥിനി പറഞ്ഞു. അഡ്മിഷൻ സമയത്ത് തന്നെ വിദ്യാര്‍ഥിനികളെ ലക്ഷ്യമിടും. ഉയര്‍ന്ന മാര്‍ക്ക്, വിദേശ ഇന്റേൺഷിപ്പുകൾ, മികച്ച പ്ലേസ്‌മെന്‍റുകൾ എന്നിവയുൾപ്പെടെയുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ടവരെ സമീപിക്കും. ചൈതന്യാനന്ദ സരസ്വതി തന്നെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.
ഓഫര്‍ സ്വീകരിക്കുന്നവര്‍ക്ക് കാര്യങ്ങൾ സുഗമമായിരിക്കും. എന്നാൽ നിരസിക്കുന്നവരുടെ സ്ഥാപനത്തിലെ ജീവിതം നരകതുല്യമായിരിക്കുമെന്ന് വിദ്യാര്‍ഥിനി ഇൻഡ്യാ ടുഡേയോട് പറഞ്ഞു. ഈ വിദ്യാര്‍ഥികളെ 24 മണിക്കൂര്‍ നിരീക്ഷിക്കും. ചിലരെ കോളജിൽ നിന്നും പുറത്താക്കും. ഇത് കൂടാതെ മാതാപിതാക്കളെ ഉപദ്രവിക്കുമെന്നും ചൈതന്യാനന്ദ ഭീഷണിപ്പെടുത്തിയിരുന്നു.
"സ്വാമി വിദ്യാർത്ഥികളുമായി നേരിട്ട് സംസാരിക്കാറുണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ക്ലാസുകളും നടത്തിയിരുന്നു. ഈ സമയത്താണ് അദ്ദേഹം പെൺകുട്ടികളെ സെലക്ട് ചെയ്യുന്നത്. പിന്നീട് സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ ഈ പെൺകുട്ടികളെ സമീപിക്കുകയും സ്വാമിയെ അദ്ദേഹത്തിന്‍റെ ഓഫീസിലോ മുറിയിലോ കാണാൻ ആവശ്യപ്പെടുമായിരുന്നു," പൂര്‍വ വിദ്യാര്‍ഥിനി വെളിപ്പെടുത്തുന്നു. ഈ വനിതാ ജീവനക്കാരിൽ ചിലര്‍ സ്വാമിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത മുൻ വിദ്യാര്‍ഥികളായിരുന്നു.
2016-ൽ ചൈതന്യാനന്ദ സരസ്വതി ഉൾപ്പെട്ട ഒരു പീഡനക്കേസിനെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ട ഒരു വിദ്യാർഥിനിയെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അവളുടെ ജൂനിയറാണെന്നും സ്വാമിയും അതേ രീതിയിൽ തന്നെ സമീപിച്ചുവെന്നും മുൻ വിദ്യാർഥിനി പറഞ്ഞു.'' അവളോട് വിട്ടുവീഴ്ച ചെയ്യാൻ സ്വാമി ആവശ്യപ്പെട്ടു. പകരം സൗജന്യ വിദേശ യാത്രകൾക്ക് കൊണ്ടുപോകും, ലാപ്‌ടോപ്പുകളും ഐഫോണും സമ്മാനമായി നൽകും, ഡ്രൈവർ ഓടിക്കുന്ന ഒരു കാർ അവൾ ആഗ്രഹിക്കുന്നിടത്തേക്ക് കൊണ്ടുപോകും. വിദേശത്ത് പ്ലേസ്‌മെന്റിനായി മികച്ച പരിശീലനവും പരിധിയില്ലാത്ത ഷോപ്പിംഗ് യാത്രകളും അയാൾ വാഗ്ദാനം ചെയ്തു," പൂര്‍വ വിദ്യാര്‍ഥിനി വെളിപ്പെടുത്തുന്നു.
രാത്രിയിൽ സ്വാമി തന്നെ വിളിക്കാറുണ്ടെന്നും അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും 21കാരിയായ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. സ്വാമി എപ്പോഴും സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഓരോ ക്ലാസ് മുറിയിലും രണ്ട് വീതം കാമ്പസിലുടനീളം കുറഞ്ഞത് 170 സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റൂമുകൾക്ക് പുറമെ ഹോസ്റ്റലിൽ എല്ലായിടത്തും ക്യാമറകളും ഉണ്ടായിരുന്നു. ഈ ക്യാമറകളെല്ലാം ചൈതന്യാനന്ദ സരസ്വതി എപ്പോഴും നിരീക്ഷിച്ചിരുന്നു.
''സ്വാമി അടിമുടി വ്യാജനാണ്. അദ്ദേഹത്തിന്‍റെെ എം. ഫിൽ ബിരുദവും വ്യാജമാണ്, അതുപോലെ തന്നെ രാഷ്ട്രീയക്കാർക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ നിരവധി ഫോട്ടോകളും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ്സുണ്ട്, അവിടെ നിന്നാണ് അദ്ദേഹം ഈ ഫോട്ടോകൾ നിർമ്മിക്കുന്നത്," മുൻ വിദ്യാർത്ഥി പറഞ്ഞു.താൻ യുഎൻ അംഗമാണെന്നും ഒരു എംബസിയാണ് തനിക്ക് അത് നൽകിയതെന്നും സ്വാമി അവകാശപ്പെട്ടിരുന്നു. ആരോപണത്തിന് പിന്നാലെ സ്വാമിയെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്.