Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അസം: അസമിലെ മോറിഗാവ് ജില്ലയിലെ വീട്ടിൽ നിന്ന് 51 വയസ്സുള്ള മുൻ സർക്കാർ അധ്യാപകൻ ഖൈറുൽ ഇസ്‌ലാം എന്നയാളെ സുരക്ഷാ സേന വീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോയി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി കുടുംബം. നിലവിൽ പൗരത്വ കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പരാതി പരിഗണിക്കുകയാണ് സുപ്രിം കോടതി. മെയ് 27 ന് രാവിലെ 11 മണിയോടെ ബംഗ്ലാദേശിലെ ഒരു പത്രപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. വിഡിയോയിലുള്ള വ്യക്തി ഖൈറുൽ ഇസ്‌ലാമാണെന്ന് ഭാര്യ രീത ഖാനവും മകൾ അഫ്രീനും സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വിഡിയോയിൽ ഖൈറുൽ ഇസ്‌ലാം ഒരു വയലിൽ നിൽക്കുകയും മോറിഗാവിലെ ഖണ്ട പുഖുരി ഗ്രാമത്തിൽ നിന്നുള്ള ഒരു പ്രൈമറി സ്കൂൾ അധ്യാപകനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നതായി കാണാം. 2016-ൽ ഒരു ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഖൈറുൽ ഇസ്‌ലാമിനെ വിദേശിയായി പ്രഖ്യാപിച്ചിരുന്നുവെന്നും ഉത്തരവിനെതിരായ അദ്ദേഹത്തിന്റെ അപ്പീൽ സുപ്രിം കോടതിയിൽ വാദം കേൾക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അവിജിത് റോയ് പറഞ്ഞു.
വിഷയത്തിൽ ബിഎസ്എഫ് ഗുവാഹത്തി ഫ്രോണ്ടിയറും അസം പൊലീസും പ്രതികരിച്ചില്ലെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബംഗ്ലാദേശ് പൗരന്മാരുടെ ഒരു വലിയ സംഘത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് ഒരു പ്രസ്താവനയിൽ പറഞ്ഞു. എഐയുഡിഎഫ് നേതാക്കളുടെ ഒരു സംഘം അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് നാടുകടത്തൽ നടപടികളിലൂടെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ നിവേദനം സമർപ്പിച്ചു.