മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി എ.ഐ.ഐ.എം.എസ്

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച ഫോട്ടോഗ്രാറോടൊപ്പം മൻമോഹൻ സിങ്ങിനെ സന്ദർശിച്ചത് വൻ വിവാദമായിരുന്നു

Update: 2021-10-16 14:44 GMT

മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.ഐ.എം.എസ്) അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് 89 കാരനായ കോൺഗ്രസ് നേതാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വർധിക്കുന്നതിനാൽ നില മെച്ചപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലാണ് മൻമോഹൻ സിങ്ങുള്ളത്.

Advertising
Advertising

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച സിങ്ങിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാറോടൊപ്പം വാർഡിലെത്തിയത് വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ മൻമോഹന്റെ മകൾ ധമൻ സിങ് മന്ത്രിയെ വിമർശിച്ചിരുന്നു. ഫോട്ടോഗ്രാഫറുമായി വരാൻ തന്റെ മാതാപിതാക്കൾ മൃഗശാലക്കുള്ളിലെ മൃഗങ്ങളല്ലെന്ന് ധമൻ ദീപ് സിങ്ങ് പറഞ്ഞിരുന്നു. 'വലിയ വിഷമഘട്ടത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്ന് പോവുന്നത്. ഇങ്ങനെയൊരവസ്ഥയിലാണ് ആരോഗ്യമന്ത്രി ഫോട്ടോഗ്രാഫറുമായി അച്ഛനെ സന്ദർശിക്കാൻ വരുന്നത്. ഫോട്ടോയെടുക്കാൻ പറ്റിയ അവസ്ഥയിലൊന്നുമല്ല അദ്ദേഹമിപ്പോൾ. അമ്മ ഫോട്ടോഗ്രാഫറെ പ്രവേശിപ്പിക്കരുത് എന്ന് മന്ത്രിയോട് പലവുരു പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. ഇൻഫെക്ഷനുണ്ടാവും എന്നതിനാൽ അധികം സന്ദർശകരെ ഞങ്ങൾ അനുവദിക്കാറില്ല. ഫോട്ടോഗ്രാഫറുമായി വരാൻ ഇത് മൃഗശാലയല്ല'' ധമൻ ദീപ് സിങ്ങ് പ്രതികരിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News