'പാര്‍ട്ടിക്കായി പദവികള്‍ ത്യജിക്കാന്‍ സോണിയയും രാഹുലും പ്രിയങ്കയും തയ്യാറായിരുന്നു'

അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണെന്നു സോണിയാ ഗാന്ധി നിലപാട് അറിയിച്ചതോടെ പ്രവർത്തക സമിതിയിലെ കടുത്ത നിലപാടുകൾ മഞ്ഞു പോലെ ഉരുകി

Update: 2022-03-14 01:48 GMT

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിക്കായി പദവികള്‍ രാജിവെയ്ക്കാന്‍ സന്നദ്ധരായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്ത സമിതി ഒറ്റക്കെട്ടായി ഈ നിര്‍ദേശം തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടിയന്തരമായി ചേര്‍ന്നത്. ഇന്നലെ നാലര മണിക്കൂറോളം വിലയിരുത്തല്‍ നീണ്ടു. പാര്‍ട്ടിയിലെ തിരുത്തല്‍വാദികളായ ജി23 നേതാക്കള്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. എങ്കിലും അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണെന്നു സോണിയാ ഗാന്ധി നിലപാട് അറിയിച്ചതോടെ പ്രവർത്തക സമിതിയിലെ കടുത്ത നിലപാടുകൾ മഞ്ഞു പോലെ ഉരുകി.

Advertising
Advertising

അധ്യക്ഷയിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ച സമിതി സംഘടനാ ദൗർബല്യം പരിഹരിക്കാനും തിരുത്തൽ വരുത്താനുമുള്ള ചുമതലയും സോണിയാ ഗാന്ധിയെ ഏൽപ്പിച്ചു. സംഘടന തെരെഞ്ഞെടുപ്പിനായി അവശേഷിക്കുന്ന അഞ്ച് മാസം കൂടി സോണിയാ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരും. അധ്യക്ഷ പദത്തിലേക്ക് ആർക്കു വേണമെങ്കിലും മത്സരിക്കാമെന്നു സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗത്തിനു ശേഷം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാരാണ്‌ പരാജയ കാരണങ്ങൾ വിശദീകരിച്ചത്. ബിജെപിയെ തുറന്നു കാണിക്കാനുള്ള തന്ത്രങ്ങൾ പാളിപ്പോയെന്നു യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ആരുടേയും ചുമലിൽ കെട്ടിവയ്ക്കാതെ കൂട്ടുത്തരവാദിത്വമുണ്ടെന്ന് യോഗം വിലയിരുത്തി. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് മാർഗരേഖ തയ്യാറാക്കാൻ നേതാക്കളുടെ ചിന്തൻ ശിബിർ പാർലമെന്റ് സമ്മേളനത്തിന് ശേഷം വിളിച്ചു ചേർക്കാനും പ്രവർത്തക സമിതി തീരുമാനിച്ചു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News