'കള്ളിയെന്ന് വിളിച്ച് കളിയാക്കി'; നാലും രണ്ടും വയസുള്ള കുട്ടികളെ 13കാരി കിണറ്റിലെറിഞ്ഞു കൊന്നു
അറസ്റ്റിലായ പെണ്‍കുട്ടി കൊല്ലപ്പെട്ട സഹോദരങ്ങളുടെ ബന്ധുവാണ്
ഛത്തീസ്ഗഢ്: കള്ളിയെന്ന് വിളിച്ച് കളിയാക്കിയെന്നാരോപിച്ച് നാലുവയസുകാരനെയും രണ്ടുവയസുകാരിയെയും കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ ബന്ധുവായ 13കാരി അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ഖൈരാഗഡ്-ചുയിഖാദൻ-ഗന്ധായ് ജില്ലയിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗജാനന്ദ് വർമ്മയുടെ മക്കളായ കരൺ വർമ്മ (4), സഹോദരി വൈശാലി (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
കരൺ തന്നെ പലതവണ 'കള്ളി' എന്ന് വിളിച്ചതായും ഇത് തന്നെ പ്രകോപിപ്പിച്ചതായും പ്രതിയായ പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതിയായ പെണ്‍കുട്ടി കരണിനെയും സഹോദരിയെയും ഗ്രാമത്തിലെ പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മകനെയും മകളെയും കാണാതായതിന് പിന്നാലെ ഗജാനന്ദ് വർമ്മയും ഭാര്യയും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് കിണറ്റില്‍ ഒരു കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇത് പുറത്തെടുത്തപ്പോള്‍ വൈശാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കിണര്‍ വറ്റിച്ചാണ് കാണാതായ നാലുവയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തത്. കുട്ടികളുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനിടെയാണ് കുട്ടികളുടെ ബന്ധുകൂടിയായ 13കാരിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.