ട്വിറ്ററിൽ ട്രെൻഡായി 'ഗോബാക്ക് യോഗി'; യുപിയിൽ ബിജെപിക്കെതിരെ ഗുജ്ജാർ രോഷം; തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ആഹ്വാനം

GoBackYogi എന്ന ഹാഷ്ടാഗിൽ ഇതിനകം 32,000ത്തോളം പേരാണ് ട്വീറ്റ് ചെയ്തത്. നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി യോഗിക്കും മോദിക്കും ഗോബാക്ക് വിളിച്ചുകൊണ്ടുള്ള വിഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്

Update: 2021-11-25 12:41 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പുരോഗമിക്കുന്നതിനിടെ ട്വിറ്ററിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വൻ പ്രതിഷേധം. 'ഗോബാക്ക് യോഗി' എന്ന ഹാഷ്ടാഗോടെ ശക്തമായ സോഷ്യൽ മീഡിയ കാംപയിനാണ് യോഗിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ നടക്കുന്നത്. നിർമാണം പൂർത്തിയായാൽ ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകുമെന്ന് കേന്ദ്രം അവകാശപ്പെടുന്ന നോയിഡ എയർപോർട്ടിന്റെ ശിലാസ്ഥാപന ചടങ്ങ് ഉത്തർപ്രദേശിലെ ഗുജ്ജാർ സമുദായ സംഘടനകൾ ബഹിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

നോയിഡ രാജ്യാന്തര വിമാനത്താവളത്തിന് ഗുജ്ജാർ രാജാവായിരുന്ന മിഹിറ ബോജയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാംപയിൻ നടക്കുന്നത്. ഗുജ്ജാർ സമുദായത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതായും വ്യാപകമായ വിമർശനമുണ്ട്. ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡായി നിൽക്കുന്ന GoBackYogi എന്ന ഹാഷ്ടാഗിൽ ഇതിനകം 32,000ത്തോളം പേരാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി യോഗിക്കും മോദിക്കും ഗോബാക്ക് വിളിച്ചുകൊണ്ടുള്ള വിഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

''യുപിയിൽ ബ്രാഹ്‌മണ, ഗുജ്ജാർ, ദലിത്, ജാട്ട്, യാദവ വിഭാഗങ്ങളെല്ലാം യോഗി സർക്കാരിന് വോട്ട് ചെയ്തത് ഹിന്ദു എന്ന പേരിലാണ്. എന്നാൽ, ഇപ്പോൾ എല്ലാവരും ദുഃഖിതരാണ്. താക്കൂറിസമാണ് ഇപ്പോൾ നടക്കുന്നത്. യോഗി, താങ്കളുടെ ഏകാധിപത്യം ഇനിയും നടക്കില്ല..'' ഗുർജാർ ഏക്താ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ഒരു ട്വീറ്റിൽ പറയുന്നു. ഇതേ ഹാൻഡിലിൽ യോഗി സർക്കാരിനെതിരായ വിമർശനങ്ങളോടെ നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. നോയിഡ വിമാനത്താവള ശിലാസ്ഥാപന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രീയ യുവ ഗുർജാർ സ്വാഭിമാൻ സമിതി പ്രഖ്യാപിച്ചിരുന്നു.

ഒൻപതാം നൂറ്റാണ്ടിലെ ഗുജ്ജാർ രാജാവായിരുന്ന മിഹിർ ബോജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് പുതിയ പ്രതിഷേധങ്ങളുടെ അടിസ്ഥാനം. കഴിഞ്ഞ സെപ്റ്റംബർ 22ന് യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്ത പ്രതിമയുടെ ശിലാഫലകത്തിലുണ്ടായിരുന്ന 'ഗുജ്ജാർ' എന്ന വാക്ക് കറുത്ത ശീലകൊണ്ട് മറച്ചിരുന്നു. താക്കൂറുകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന തരത്തിൽ വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്. താക്കൂറുകളടക്കം യുപിയിലെ മറ്റു ജാതി വിഭാഗങ്ങളും തങ്ങളുടെ മുൻഗാമിയായി മിഹിർ ബോജിനെ കാണുന്നുണ്ട്.

സംഭവത്തിൽ ഗുജ്ജാർ സംഘടനകൾ കടുത്ത അമർഷത്തിലാണുള്ളത്. അഖിൽ ഭാരതീയ ഗുർജാർ പരിഷത്ത് യോഗി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി. ഇതോടൊപ്പം ദാദ്രിയിലെ മിഹിർ ബോജ് പി.ജി കോളേജിൽ ചേർന്ന ഗുജ്ജാർ മഹാപഞ്ചായത്തിൽ ബിജെപിക്കെതിരെ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മഹാപഞ്ചായത്തിൽ ആഹ്വാനമുണ്ടായി. യുപിയിൽ ബിജെപിയുടെ വോട്ട് ബാങ്കുകളിലൊന്നാണ് ഗുജ്ജാറുകൾ. നോയിഡയിൽ മാത്രം അഞ്ചു ലക്ഷത്തോളം ഗുജ്ജാറുകളുണ്ടെന്നാണ് കണക്ക്. പടിഞ്ഞാറൻ യുപിയിൽ ബിജെപിയുടെ പ്രധാന വോട്ട് ബാങ്കുമാണ് ഇവർ.

Summary: #GoBackYogi trends on Twitter; Gujjar community angry over BJP in UP; They call to boycott of BJP in elections

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News