സെയ്ഫ് അലി ഖാന്റെ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടിയുടെ സ്വത്ത് ഏറ്റെടുക്കാൻ മധ്യപ്രദേശ് സർക്കാർ നീക്കം

ശത്രുസ്വത്തായി പ്രഖ്യാപിച്ചാണ് ഏറ്റെടുക്കാൻ സർക്കാർ നീക്കം നടത്തുന്നത്. വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവർക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

Update: 2025-01-22 02:52 GMT

ഭോപ്പാൽ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനുമായി ബന്ധമുള്ള പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ സ്വത്ത് മധ്യപ്രദേശ് സർക്കാർ ഏറ്റെടുത്തേക്കും. വസ്തു ശത്രു സ്വത്തായ പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സെയ്ഫ് നൽകിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സർക്കാർ സ്വത്ത് ഏറ്റെടുക്കാൻ നീക്കം തുടങ്ങിയത്.

ഭോപ്പാലിൽ കൊഹേഫിസ മുതൽ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്വത്തുവകകൾ. 2014ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നൽകിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള സ്വത്തുക്കൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. 2015ൽ ഇതിനെതിരെ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

Advertising
Advertising



സെയ്ഫ് അലി ഖാൻ ബാല്യകാലം ചെലവഴിച്ച ഫ്‌ളാഗ് സ്റ്റാഫ് ഹൗസ്, നൂറുസ്സബാഹ് പാലസ്, ദാറുസ്സലാം, ഹബീബി ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹെഫിസ സ്വത്തുക്കൾ തുടങ്ങിയവയാണ് സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.

വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവർക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപ്പാൽ നവാബായിരുന്ന ഹാമിദുല്ലാ ഖാന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുൽത്താൽ 1950ൽ പാകിസ്താനിലേക്ക് പോയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു. നവാബ് ഇഫ്തിഖാർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്ത സാജിദക്കായിരുന്നു പിന്നീട് ഈ സ്വത്തിന്റെ ഉടമസ്ഥാവകാശം.



സാജിദയുടെ പേരക്കുട്ടിയാണ് സെയ്ഫ് അലി ഖാൻ. സ്വത്തിന്റെ ഒരു ഭാഗം പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചു. എന്നാൽ അബിദാ സുൽത്താൻ പാകിസ്താനിലേക്ക് പോയത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സർക്കാർ ഇത് ശത്രു സ്വത്തായി പ്രഖ്യാപിച്ചത്. 2019ൽ സാജിദ സുൽത്താനെ സ്വത്തിന്റെ നിയമപരമായ അവകാശിയായി കോടതി അംഗീകരിച്ചിരുന്നു. സെയ്ഫിന്റെ ഹരജി കോടതി തള്ളിയതോടെയാണ് നിയമപ്രശ്‌നം വീണ്ടും സജീവമാകുന്നത്.



ഭോപ്പാൽ കലക്ടർ കൗശലേന്ദ്ര വിക്രം സിങ് കഴിഞ്ഞ 72 വർഷത്തെ ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഭൂമിയിൽ താമസിക്കുന്ന വ്യക്തികളെ സംസ്ഥാന പാട്ട നിയമങ്ങൾ പ്രകാരം കുടിയാന്മാരായി കണക്കാക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ഇവിടെയുള്ള 1.5 ലക്ഷത്തോളം വരുന്ന താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ഭയവും ഇവർക്കുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News