'സമയത്ത് തീരുമാനമെടുക്കുന്നില്ല'; കേന്ദ്ര സര്‍ക്കാറിനെതിരെ ഒളിയമ്പെയ്ത് നിതിൻ ഗഡ്കരി

ബിജെപി അധികാരത്തിലെത്തിയതിന്റെ ക്രഡിറ്റ് വാജ്‌പേയിക്കും എൽകെ അദ്വാനിക്കും ദീൻദയാൽ ഉപാധ്യായയ്ക്കുമാണെന്നും ഗഡ്കരി പറഞ്ഞു

Update: 2022-08-23 13:14 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് പുറത്തു പോയതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ പരോക്ഷ വിമർശവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 'സർക്കാർ സമയത്ത് തീരുമാനമെടുക്കുന്നില്ല' എന്നായിരുന്നു ഗഡ്കരിയുടെ വിമർശം. ഏതെങ്കിലും ഗവൺമെന്റിനെ പേരെടുത്തു പറയാതെ ആയിരുന്നു മുൻ ബിജെപി അധ്യക്ഷന്റെ പരാമർശം.

'നിങ്ങൾക്ക് അത്ഭുതങ്ങൾ ഉണ്ടാക്കാനാകും. അതിനുള്ള ശേഷിയുണ്ട്. ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി ശോഭനമാണ് എന്നാണ് എന്റെ അഭിപ്രായം. നല്ല സാങ്കേതിക വിദ്യയും പുതുമയും സ്വീകരിക്കണം. നല്ല ഗവേഷണവും പ്രവൃത്തിയും രാജ്യത്തു നടക്കണം. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ ബദൽ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ചെലവു കുറയ്ക്കാനാകും. നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. അതാണ് ഏറ്റവും വലിയ മൂലധനം. വലിയ പ്രശ്‌നമെന്തെന്നു വച്ചാൽ സർക്കാർ സമയത്ത് തീരുമാനമെടുക്കുന്നില്ല എന്നതാണ്' - ഗഡ്കരി പറഞ്ഞു.

സാങ്കേതിക വിദ്യയേക്കാളും വിഭവങ്ങളേക്കാളും പ്രധാനമാണ് സമയമെന്നും അസോസിയേഷൻ ഓഫ് കൺസൽട്ടിങ് സിവിൽ എൻജിനീയേഴ്‌സ് മുംബൈ സംഘടിപ്പിച്ച നാറ്റ്‌കോൺ 2022 പരിപാടിയിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.

പ്രസ്താവന ചർച്ചയായതിനു പിന്നാലെ, ഏതെങ്കിലും പ്രത്യേക സർക്കാറിനെ ഉദ്ദേശിച്ചല്ല ഗഡ്കരിയുട വാക്കുകളെന്ന് ബിജെപി നേതാക്കൾ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. 

കഴിഞ്ഞയാഴ്ചയാണ് ബിജെപിയുടെ പാർലമെന്ററി ബോർഡിൽ നിന്ന് ഗഡ്കരിയെ നേതൃത്വം നീക്കിയത്. മുൻ പ്രസിഡണ്ടുമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കീഴ്‌വഴക്കം മറികടന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. അമിത് ഷാ, നരേന്ദ്രമോദി, രാജ്‌നാഥ് സിങ് തുടങ്ങിയവരെ സമിതിയിൽ നിലനിർത്തി. ആർഎസ്എസുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഗഡ്കരിയെ തഴഞ്ഞത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു.

അതിനിടെ, തീരുമാനമെടുക്കാൻ സമയമെടുക്കുന്നു എന്ന പ്രതികരണത്തിന് പിന്നാലെ ബിജെപി അധികാരത്തിലെത്തിയതിന്റെ ക്രഡിറ്റ് വാജ്‌പേയിക്കും എൽകെ അദ്വാനിക്കും ദീൻദയാൽ ഉപാധ്യായയ്ക്കുമാണെന്നും ഗഡ്കരി നാഗ്പൂരില്‍ പറഞ്ഞു. 1980ൽ മുംബൈയിൽ നടന്ന സമ്മേളനത്തിൽ വാജ്‌പേയി നടത്തിയ പ്രഭാഷണമാണ് അദ്ദേഹം എടുത്തു പറഞ്ഞത്. 'ഒരു ദിവസം തമസ്സു നീങ്ങും. സൂര്യൻ പ്രശോഭിതമാകും. താമര (ബിജെപി ചിഹ്നം) വിടരും' - വാജ്‌പേയിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

'അതു പറയുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അതു കേട്ട എല്ലാവരും അങ്ങനെയൊരു ദിവസം വരുമെന്ന് വിശ്വസിച്ചു. അടൽജി, അദ്വാനി ജി, ദീൻദയാൽ ഉപാധ്യായ തുടങ്ങി ഒരുപാട് പേർ കഠിനാധ്വാനം ചെയ്തു. നമ്മൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ധാരാളം സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുകയാണ്' - ഗഡ്കരി കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News