ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ്; മല്ലികാർജുൻ ഖാർഗെ ഇന്നെത്തും

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തുന്നുണ്ട്

Update: 2022-11-26 01:46 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി കോൺഗ്രസ്. പ്രചാരണത്തിനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്തെത്തും. ആംആദ്മി പാർട്ടി റാലികളിൽ പങ്കെടുക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനുശേഷം ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ മന്ദഗതിയിലായിരുന്നു. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിൽ ബി.ജെ.പി നടത്തിയ പ്രചാരണ പരിപാടികളിലുടനീളം കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. മോർബി തൂക്കുപാലം അപകടം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് വോട്ട് തേടുന്നത്.

ഇന്ന് സംസ്ഥാനത്ത് എത്തുന്ന ഖാർഗെ അഹ്മദാബാദിലെ കോൺഗ്രസ് വേദിയിൽ സംസാരിക്കും. 27ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനായി മധ്യപ്രദേശിലേക്ക് പോകുന്ന ഖാർഗെ 28ന് ഗുജറാത്തിൽ തിരിച്ചെത്തി ഗാന്ധി നഗറിൽ നടക്കുന്ന റാലിയിലും പങ്കെടുക്കും.

അതേസമയം, ആം ആദ്മി പാർട്ടിയും ഗുജറാത്തിൽ പ്രചാരണം ശക്തമാക്കുകയാണ്. ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ആം ആദ്മി പാർട്ടിയുടെ വിവിധ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു. ഇന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ നേരിട്ടു നേതൃത്വം നൽകും.

അതേസമയം, കൂടുതൽ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിച്ച് പ്രചാരണം ശക്തമാക്കാനാണ് ബി.ജെ.പി നീക്കം.

Summary: Congress has intensified its assembly election campaign in Gujarat as AICC president Mallikarjun Kharge will visit the state today for campaigning

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News