എഎപി പേടി? ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നു
യുവ നേതാവ് ഗോപാൽ ഇറ്റാലിയ നയിക്കുന്ന ആം ആദ്മി പാർട്ടി, ബിജെപിയുടെ പാട്ടിദാർ ശക്തികേന്ദ്രത്തിലേക്ക് കടന്നുചെല്ലുന്ന പശ്ചാതലത്തില്‍ കൂടിയാണ് തീരുമാനം
ഭൂപേന്ദ്ര പട്ടേല്‍- ഗോപാല്‍ ഇറ്റാലിയ Photo- PTI
ഗാന്ധിനഗർ: ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേൽ സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നു. 17 അംഗ മന്ത്രിസഭയുമായി പ്രവർത്തിക്കുന്ന ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാറിലേക്ക് ചില പുതുമുഖങ്ങളെ കൊണ്ടുവരാണ് ശ്രമിക്കുന്നത്.
2027 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെയും മേൽനോട്ടത്തിൽ പുനഃസംഘടന നടക്കുന്നത്. ഗുജറാത്തിലും തലസ്ഥാനത്തുമായി നിരവധി ചര്‍ച്ചകളാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചയുടെ ഭാഗമായിരുന്നു.
യുവ നേതാവ് ഗോപാൽ ഇറ്റാലിയ നയിക്കുന്ന ആം ആദ്മി പാർട്ടി, ബിജെപിയുടെ പാട്ടിദാർ ശക്തികേന്ദ്രത്തിലേക്ക് കടന്നുചെല്ലുന്ന പശ്ചാതലത്തില്‍ കൂടിയാണ് തീരുമാനം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എഎപി പണിയാകുമോ എന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. നിലവിൽ, ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 അംഗങ്ങളാണുള്ളത്, ഗുജറാത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ മന്ത്രിസഭയാണിത്. പുതിയ മുഖങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള മന്ത്രിസഭാ വികസനമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020ൽ ഗുജറാത്ത് വൈസ് പ്രസിഡന്റായി ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നുകൊണ്ടാണ് ഗോപാല്‍ ഇറ്റാലിയ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ആ സമയത്ത്, പാർട്ടി സംസ്ഥാനത്ത് കാലുറപ്പിക്കാൻ തുടങ്ങിയ സമയമായിരുന്നു. എന്നാല്‍ പ്രവര്‍ത്തന മികവിനാല്‍ അതേ വർഷം തന്നെ, പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹത്തെ ഉയര്‍ത്തി. 2025ല്‍ വിസവദർ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 17,000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്.