മോദിയുടെ ബിരുദം; 'ബാലിശമായ കൗതുകങ്ങള്‍ പൊതുതാത്പര്യമല്ല' കെജ്‌രിവാളിന്റെ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി

ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ ബിരുദം ഒരു മാനദണ്ഡമല്ലെന്നും കോടതി

Update: 2026-09-30 14:18 GMT

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ബാലിശമായ കൗതുകങ്ങള്‍ പൊതുതാത്പര്യമല്ലെന്ന് കോടതി പ്രസ്താവിച്ചു.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തമാക്കണമെന്ന വിവരവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ ഹരജി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും അവരുടെ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് വരുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലകളില്‍ സൂക്ഷിക്കപ്പെടുന്നതാണെന്നും ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍ നിരീക്ഷിച്ചു.

Advertising
Advertising

ഒരു വ്യക്തി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രം അവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുന്നത് പൊതുതാത്പര്യത്തിന്റെ ഭാഗമായി കാണാനാകില്ല. മാത്രമല്ല, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ ബിരുദം ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു.

സിംഗിള്‍ ബെഞ്ചിന്റെ പിഴ ഉത്തരവും കോടതി ശരിവെച്ചു. 25,000 രൂപയാണ് കെജ്‌രിവാള്‍ പിഴയൊടുക്കേണ്ടത്. അതേസമയം കോടതിയെ വിവരങ്ങള്‍ കാണിക്കാമെന്നും എന്നാല്‍ വിവരാവകാശ പ്രകാരം ഒരു വ്യക്തിയുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നുമാണ് ഗുജറാത്ത് സര്‍വകലാശാലയുടെ നിലപാട്.

2016ലാണ് കെജ്‌രിവാള്‍ മോദിയുടെ ബിരുദ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ എന്തിനാണ് രഹസ്യമാക്കി വെക്കുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News