കാത്തിരിപ്പിന് വിരാമം; പിൻ നമ്പറോ ഒടിപിയോ ഇല്ലാതെ ഇനി ഐഫോണിലൂടെ പണമടക്കാം; ആപ്പിൾ പേ ഇന്ത്യയിൽ

ആപ്പിൾ പേ വരുന്നതോടെ ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താനാകും

Update: 2026-09-30 08:12 GMT

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്‍റെ ഓൺലൈൻ പണമിടപാട് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിലെത്തി. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക്  വിവിധ സേവനങ്ങൾക്കുള്ള ഓൺലൈൻ പേയ്മെന്‍റുകൾ എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനം. ഇതുവഴി ഒടിപിയോ പിൻ നമ്പറോ കൂടാതെ തന്നെ ഉപയോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്താനാകും. അധികം വൈകാതെ ആപ്പിൾ പേ മാക്കിലും എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ കമ്പനികൾ അരങ്ങ് വാഴുന്നിടത്തേക്കാണ് ആപ്പിൾ പേയുടെ വരവ്. ആപ്പിൾ പേ വരുന്നതോടെ ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താനാകും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം ആപ്പിൾ പേയുമായി ബന്ധിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ് ഐഡി ഉപയോഗിച്ച് പണമിടപാട് നടത്താമെന്നാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ആപ്പിൾ പേയുടെ മറ്റ് സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കാം.

Advertising
Advertising

എന്താണ് ആപ്പിൾ പേ? ഇന്ത്യയിൽ അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ആപ്പിളിന്‍റെ ഡിജിറ്റൽ പണമിടപാട് സർവീസിന്‍റെ പേരാണ് ആപ്പിൾ പേ. ഇതുപയോഗിക്കുന്നതിലൂടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം ബന്ധിപ്പിച്ച് ഉപയോക്താക്കൾക്ക് പേയ്മെന്‍റ് നടത്താനാകും.

ഐഫോൺ ഉപയോഗിച്ചോ ആപ്പിൾ വാച്ച് ഉപയോഗിച്ചോ സ്റ്റോർ പേയ്മെന്‍റ് നടത്താൻ സാധിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രധാന സവിശേഷത.ഫേസ് ഐഡി, ടച്ച് ഐഡി, ഡിവൈസ് പാസ്കോഡ് എന്നിവ ഉപയോഗിച്ച് പേയ്മെന്‍റ് നടത്താം. അതേസമയം, ഈ സേവനത്തിന് പ്രത്യേകം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ പിൻ നമ്പർ, ഒടിപി എന്നിവയുടെ ആവശ്യമോ ഇല്ലായെന്നതും ശ്രദ്ധേയമാണ്.

ഏതെല്ലാം കാർഡുകൾ ഉപയോഗിക്കാനാകും?

ആപ്പിൾ പേയിലൂടെ ഇന്ത്യയിൽ നിലവിൽ ആക്സിസ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള വിസ (Visa), മാസ്റ്റർകാർഡ് (Mastercard) ക്രെഡിറ്റ് കാർഡുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. പ്രാരംഭഘട്ടമായതിനാൽ കൂടുതൽ കാർഡുകൾ ഉപയോഗിക്കുന്നതിനും സാധാരണഗതിയിൽ ഉപയോഗിക്കുന്ന യുപിഐ സംവിധാനങ്ങൾ ആശ്രയിക്കുന്നതിനും പരിമിതികളുണ്ട്.

നിങ്ങൾക്ക് യോഗ്യമായ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ, ഐഫോണിലെ ആപ്പിൾ വാലറ്റ് ആപ്പ് വഴിയോ ആക്സിസ് ബാങ്ക് മൊബൈൽ ആപ്പ് വഴിയോ കാർഡ് ആപ്പിൾ പേയിലേക്ക് ആഡ് ചെയ്യാം. ഇതിലൂടെ പിൻ നമ്പറോ ഒടിപിയോ നൽകാതെ ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് കടകളിലെ എൻഎഫ്സി ടെർമിനലുകളിൽ ടാപ്പ് ചെയ്ത് പണമടയ്ക്കാൻ സാധിക്കും

ഏതെല്ലാം ഡിവൈസുകളിൽ ലഭ്യമാകും?

നിലവിൽ ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവയിൽ മാത്രമാണ് ആപ്പിൾ പേ ഇന്ത്യയിൽ ലഭ്യമാകുകയുള്ളൂ. മാക് സിസ്റ്റങ്ങളിലും അധികം വൈകാതെ ലഭ്യമായേക്കുമെന്നാണ് കമ്പനിയെ ഉദ്ദരിച്ച് വിവിധ ടെക് സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിൾ ഡിവൈസിൽ ഉചിതമായ കാർഡ് ചേർത്താലുടൻ ആപ്പിൾ പേ വഴി ഉപയോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്താനാകും.

എങ്ങനെ തുടങ്ങാം?

ഒരു യോഗ്യമായ ആക്സിസ് ബാങ്ക് കാർഡ് ചേർക്കാൻ രണ്ട് വഴികളാണുള്ളത്. ഉപയോക്താക്കൾക്ക് ആക്സിസ് ബാങ്ക് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലൂടെ കാർഡ് ചേർത്ത് ആപ്പിൾ വാലറ്റിലേക്ക് മാറ്റാം. അല്ലെങ്കിൽ, അവരുടെ ഐഫോണിൽ വാലറ്റ് ആപ്പ് തുറന്ന്, 'പ്ലസ്' ചിഹ്നത്തിൽ ടാപ്പ് ചെയ്ത് കാർഡ് ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാം. കാർഡ് ചേർത്ത് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആപ്പിൾ പേ ഇടപാടുകൾക്കായി ഇത് ഉപയോഗിക്കാം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News