ഈ പോക്ക് തുടർന്നാൽ എഐ ദശലക്ഷങ്ങളുടെ ജീവനെടുക്കും, അടിയന്തരമായി നിയമം കൊണ്ടുവന്നില്ലെങ്കിൽ പ്രശ്നം: ബിൽ ഗേറ്റ്സ്

സ്വാഭാവികമായ എല്ലാ കാര്യങ്ങളിലും എഐയെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് അധികം വൈകാതെ മനുഷ്യരാശിയെ വലിയ അപകടങ്ങളിൽ ചെന്നുചാടിക്കുമെന്നും ബിൽ ഗേറ്റ്സ്

Update: 2026-09-27 05:33 GMT

ന്യൂയോർക്ക്: നിർമിതബുദ്ധിയുടെ അമിതമായ ഉപയോഗം മനുഷ്യരാശിയെ വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. നിർമിത ബുദ്ധിയെ ടെക് കമ്പനികളുടെ കൈകളിൽ സ്വതന്ത്രമായി വിട്ടുകൊടുക്കരുതെന്നും സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. ശക്തമായ എഐ സിസ്റ്റങ്ങളുടെ രൂപകൽപ്പനയിലും നിരീക്ഷണങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി അടിയന്തരമായ നിയമങ്ങളുണ്ടാക്കാൻ ജനപ്രതിനിധികളും നിയമസംവിധാനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

'എഐയുടെ അനിയന്ത്രിതമായ വളർച്ചയിൽ രാഷ്ട്രീയക്കാരും നിയമനിർമാണ വിഭാഗവും അടിയന്തരമായി ചർച്ചകൾക്ക് തയ്യാറാകണമെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും എഐയെ ആശ്രയിക്കുന്ന രീതിയെ കമ്പനികൾ ഇതിനോടകം ശീലിച്ചുതുടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ നിയന്ത്രണാധീതമാകുന്നതിന് മുൻപ് അവശ്യമായ ഇടപെടലുകൾ നാം നടത്തേണ്ടിയിരിക്കുന്നു.' ബിൽ ഗേറ്റ് വ്യക്തമാക്കി.

'എഐ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. അത് കൂടുതൽ ശക്തി പ്രാപിക്കുന്നതിനോടൊപ്പം കാലക്രമേണ ദശലക്ഷങ്ങളുടെ ജീവനെടുക്കാനും കാരണമായേക്കും. ടെക്നോളജിയുടെ അതിവേഗത്തിലുള്ള വളർച്ചയും എഐയുടെ നിയന്ത്രണവും ദുരുദ്ദേശ്യമുള്ളവരുടെ കൈകളിലെത്തുന്നതോടെ അത് വലിയ ആയുധമായി മാറാനുള്ള സാധ്യതയെയും തള്ളിക്കളയാനാകില്ല.' അദ്ദേഹം പറഞ്ഞു. എഐ ചാറ്റ്ബോട്ടുകൾക്കും സോഫ്റ്റ്വെയറുകൾക്കും തെറ്റ് സംഭവിക്കാനും മനുഷ്യരുടെ ജോലി തടസ്സപ്പെടുത്താനുമുള്ള സാധ്യതകളും ബിൽ ഗേറ്റ്സ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വാഭാവികമായ എല്ലാ കാര്യങ്ങളിലും എഐയെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് അധികം വൈകാതെ മനുഷ്യരാശിയെ വലിയ അപകടങ്ങളിൽ ചെന്നുചാടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഐ ചാറ്റ്ബോട്ടുകൾ ദശലക്ഷങ്ങളുടെ ജീവനെടുത്തേക്കുമെന്ന് നേരിട്ട് പറയുകയല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച്, മനുഷ്യർ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സമയങ്ങളിൽ ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങൾ വരുത്തിവെക്കാനുള്ള അതിന്‍റെ ശേഷിയെ കുറിച്ചാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലെന്നാണ് ടെക് നിരീക്ഷകരുടെ വിലയിരുത്തൽ. എഐ സാങ്കേതികവിദ്യകൾ അനുനിമിഷം വളരുന്നതിനോടൊപ്പം മനുഷ്യരുടെ സ്വകാര്യതാ സംരക്ഷണത്തിനെതിരായ ഭീഷണിയും ഉയരുകയാണെന്നുള്ള തരത്തിൽ ചൂടേറിയ ചർച്ചകൾ തുടരുന്നതിനിടെയാണ് ബിൽ ഗേറ്റ്സിന്‍റെ വാദം.

നേരത്തെ, എഐ മനുഷ്യജീവനുകൾ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ആരോപിച്ചുകൊണ്ട് ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്സൺ രാജിവച്ചിരുന്നു. എഐക്ക് മേലുള്ള നിയന്ത്രണം മനുഷ്യന് പൂർണമായും നഷ്ടമാവുകയും അത് തിരികെ പിടിക്കാനാവാത്ത രീതിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എഐ ഇന്‍റലിജൻസ് നിർമിച്ചാൽ ഒരിക്കൽ അതിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടമാകുമെന്നും അത് സംഭവിച്ചാൽ ഒരുപാട് ജീവനുകൾ നഷ്ടമാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നാലെ, മൈക്രോസോഫ്റ്റ് സഹസ്ഥാപകനും നടത്തിയ വെളിപ്പെടുത്തലിലൂടെ ആശങ്കയിലാണ് ടെക് ലോകം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News