സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകൾക്കും ഇനി ‘ക്വാളിറ്റി ചെക്ക്’

‘സ്റ്റാൻഡേർഡ്’ മാർക്ക് ഇല്ലാത്ത സ്ക്രീൻ പ്രൊട്ടക്ടറുകളുടെ നിർമ്മാണം, വിൽപ്പനയ്ക്കായി സൂക്ഷിക്കൽ, ഇറക്കുമതി എന്നിവയ്ക്ക് 2027 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തും.

Update: 2026-09-23 02:58 GMT

ന്യൂഡൽഹി: സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. കനം, അളവുകൾ, നിർമ്മാണത്തിലെ തകരാറുകൾ തുടങ്ങിയവ സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതും ‘സ്റ്റാൻഡേർഡ്’ മാർക്ക് ഇല്ലാത്തതുമായ സ്ക്രീൻ പ്രൊട്ടക്ടറുകളുടെ നിർമ്മാണം, വിൽപ്പനയ്ക്കായി സൂക്ഷിക്കൽ, ഇറക്കുമതി എന്നിവയ്ക്ക് 2027 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തും.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെപ്റ്റംബർ 21ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. 2021ലെഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്സ് ഓർഡർ ഭേദഗതി ചെയ്താണ് സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

Advertising
Advertising

സ്ക്രീൻ പ്രൊട്ടക്ടറുകൾക്ക് എന്തൊക്കെ മാനദണ്ഡങ്ങൾ?

പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ വ്യത്യാസപ്പെടാൻ പാടില്ല. സാധാരണ ഗ്ലാസ് സ്ക്രീൻ പ്രൊട്ടക്ടറുകളിൽ പ്രകാശത്തിന്റെ പ്രവേശനം 89 ശതമാനത്തിന് മുകളിലായിരിക്കണം. പ്രൈവസി ഫിലിം ഉപയോഗിക്കുന്നവയിൽ ഇത് കുറഞ്ഞത് 59 ശതമാനമായിരിക്കണം.

നിർമാണത്തിലെ തകരാറുകൾക്കും കർശന നിയന്ത്രണമുണ്ട്. 300 മൈക്രോമീറ്ററിന് മുകളിലുള്ള പിൻഹോളുകൾ, കുമിളകൾ എന്നിവ അനുവദിക്കില്ല. വലിയ പോറലുകൾക്കും നിയന്ത്രണമുണ്ട്. കണ്ണുകൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വരകൾ, ലൈനുകൾ തുടങ്ങിയ തകരാറുകളും ഉണ്ടാകാൻ പാടില്ല.

ഗ്ലാസിന്റെ പവറിലും പരിശോധന

സ്ക്രീൻ പ്രൊട്ടക്ടർ ഗ്ലാസിന് കുറഞ്ഞത് 500 എംപിഎ പവർ ഉണ്ടായിരിക്കണം. മെക്കാനിക്കൽ പവർ പരിശോധിക്കുന്നതിനായി 30 കഷണങ്ങളടങ്ങിയ സാമ്പിൾ ഉപയോഗിച്ചാണ് പരിശോധന നടത്തുക. നാല് പോയിന്റ് ബെൻഡിങ് ടെസ്റ്റിലൂടെ ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഗ്ലാസിന്റെ ഫ്രാക്ചർ പവർ കണക്കാക്കുന്നത്.

ഉൽപ്പാദന ബാച്ചുകൾക്കനുസരിച്ചുള്ള സാമ്പിൾ പരിശോധനാ രീതികളും മാനദണ്ഡത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം കാഴ്ചയിൽ കണ്ടെത്താവുന്ന തകരാറുകളും പ്രകാശപ്രവേശനവും പരിശോധിക്കും. തുടർന്ന് കനം, അളവുകൾ, കട്ട്-സൈഡ് തകരാറുകൾ എന്നിവയും പരിശോധിക്കും.

പാക്കേജിലും വിവരങ്ങൾ നിർബന്ധം

സ്ക്രീൻ പ്രൊട്ടക്ടറുകളുടെ പാക്കേജിൽ നിർമ്മാതാവിന്റെ വിവരങ്ങൾ, നോമിനൽ കനം, ബാച്ച്/കോഡ് നമ്പർ, നിർമ്മിച്ച മാസവും വർഷവും ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. കെമിക്കലി ടെംപർ ചെയ്ത സ്ക്രീൻ പ്രൊട്ടക്ടർ ഗ്ലാസിന്റെ ഓരോ കഷണത്തിലും നിർമ്മാതാവിന്റെ വിവരവും നിർമ്മിച്ച വർഷവും രേഖപ്പെടുത്തിയിരിക്കണമെന്നും മാനദണ്ഡം നിർദേശിക്കുന്നു.നിലവിൽ രാജ്യത്തെ സ്ക്രീൻ പ്രൊട്ടക്ടർ ആവശ്യകതയുടെ 90 ശതമാനത്തിലേറെയും കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്നാണ് വ്യവസായ രംഗത്തെ കണക്ക്. പുതിയ മാനദണ്ഡം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഏകീകരിക്കുന്നതിനും ആഭ്യന്തര നിർമാണത്തിന് പ്രോത്സാഹനം നൽകുന്നതിനും സഹായിക്കുമെന്നാണ് വ്യവസായ മേഖലയിലെ വിലയിരുത്തൽ.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News