ഇഎംഐ, വൈദ്യുതി ബില്ല്, വാട്ടർ ബില്ല്, ഇൻഷൂറൻസ് പ്രീമിയം, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിങ്ങനെ ഒട്ടനവധി ചെലവുകളിലേക്ക് പണം നീക്കിവെച്ചുകൊണ്ടാകും അധികപേരുടെയും മാസങ്ങൾ ആരംഭിക്കുന്നത്. ഈ ബില്ലുകളെല്ലാം അടച്ചുതീർക്കുമ്പോഴേക്കും തൊട്ട് തലേദിവസം അക്കൗണ്ടിലെത്തിയ സാലറിയിലേറെയും ആവിയായിപ്പോയിട്ടുണ്ടാകും, പ്രത്യേകിച്ച് യുപിഐ ഇടപാടുകൾ കൂടി വ്യാപകമായ ഇക്കാലത്ത്. അതേസമയം, ഇതൊന്നുമല്ലാതെ പലരുമറിയാതെ പണം നഷ്ടമാകുന്ന മറ്റൊരു സംവിധാനമാണ് ഫോണുകളിലെ ഓട്ടോമാറ്റിക് പേയ്മെന്‍റ് ഓൺ ചെയ്തിടുകയെന്നത്.
മാസംതോറും ബില്ലുകളടക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദം ഓട്ടോ പേയ്മെന്‍റുകൾ ഓൺ ചെയ്തുവെക്കുന്നതല്ലേ എന്ന് കരുതിയായിരിക്കും അധികപേരും ഈ സംവിധാനം ഓൺ ചെയ്തുവെക്കാറ്. എന്നാൽ, പിന്നീടെപ്പോഴോ സബ്സ്ക്രിപ്ഷൻ ആവശ്യമില്ലെന്ന് കരുതിയാലും പലരും ഓട്ടോപേ ഓഫ് ചെയ്യാൻ മറന്നുപോകാറുണ്ട്. അതുവഴി ഓരോമാസവും നിശ്ചിത തീയതികളിൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ നിന്ന് ഇവർ പണം പിടിക്കുകയും ചെയ്യും. ഇതെങ്ങനെ ഓഫ് ചെയ്യും? നമ്മളറിയാതെ പണം പിടിക്കുന്ന സംവിധാനത്തെ നിയന്ത്രിക്കുന്നതെങ്ങനെ? യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ഏതൊരാളും എപ്പോഴെങ്കിലുമായി ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. അതിനുള്ള പരിഹാരമെന്തെല്ലാമെന്ന് നോക്കാം.
1. ക്ലിക്ക് ചെയ്യുന്നതിന് മുൻപ് വിശദാംശങ്ങൾ കൃത്യമായി വായിച്ചുനോക്കാം; സെറ്റിങ്സ് ഓൺ ചെയ്യുന്നതിന് മുൻപായി എല്ലാം സസൂക്ഷ്മം വായിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എത്ര രൂപയാണ് മാസംതോറും അവർ പിടിക്കുകയെന്നും, എത്ര തവണ ഇത് ആവർത്തിക്കുമെന്നും വായിച്ച് മനസ്സിലാക്കണം, പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ്, ഇലക്ട്രിസിറ്റി ബില്ല് അടക്കം മാസംതോറുമുള്ള ബില്ലുകളുടെ കാര്യം. ഓട്ടോപേയ്മെന്‍റുകൾ ഓൺ ചെയ്തിടുന്നതിന് മുൻപ് ഏതാനും മിനിറ്റുകളെടുത്ത് വിശദാംശങ്ങൾ മുഴുവൻ വായിക്കുകയാണെങ്കിൽ വലിയൊരു തലവേദനയോട് ബൈ പറയാം.
2. വിശ്വാസമുള്ള പ്ലാറ്റ്ഫോം മാത്രം തിരഞ്ഞെടുക്കാം; ഓട്ടോപേയ്മെന്‍റ് ഓൺ ചെയ്യുന്നതിന് മുൻപായി ബാങ്കിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനോ അംഗീകൃത വെബ്സൈറ്റോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. അജ്ഞാതമായ ആപ്പുകളും തേർഡ് പാർട്ടി വെബ്സൈറ്റുകളും ഒഴിവാക്കാം. വിശ്വസ്ഥതയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിലൂടെ ട്രാൻസാക്ഷനുകളും നിങ്ങളുടെ അക്കൗണ്ടും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാകും.
3. ബാങ്ക് അക്കൗണ്ട് പതിവായി പരിശോധിക്കുകയും വേണം; ഓട്ടോമാറ്റിക് ആണെങ്കിലും നിങ്ങളുടെ അക്കൗണ്ടിന്‍റെ സുരക്ഷയെ മറന്നുകളയരുത്. അധികപേരും സൗകര്യപൂര്‍വം വിട്ടുകളയുന്ന ഒന്നാണത്. ഓട്ടോ പേയ്മെന്‍റ് വഴി ബില്ലുകൾ അടക്കുമ്പോഴും അക്കൗണ്ട് ബാലൻസ് ഇടക്കിടെ ചെക്ക് ചെയ്യണം. ഓരോ മാസവും ട്രാൻസാക്ഷനുകൾ പരിശോധിക്കുക കൂടിയായാൽ ചെറുതും അശ്രദ്ധവുമായ തെറ്റുകൾ പോലും ഒഴിവാക്കാനാകും. ഇത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ സുതാര്യവും നിങ്ങളുടെ നിയന്ത്രണത്തിലും കൊണ്ടുവരാനും സഹായകരമാകും.
4. അജ്ഞാതമായ ട്രാൻസാക്ഷനുകളിൽ ജാഗ്രത വേണം; കണക്കിൽ പെടാത്തത്രയും പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാസംതോറും നഷ്ടപ്പെടുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ കണ്ടില്ലെന്ന് നടിക്കരുത്. ഉടനടി ബാങ്കിനെ സമീപിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.
5. അപ്ഡേറ്റുകൾ ആവശ്യാനുസരണം അറിഞ്ഞുവെക്കാം; അനുനിമിഷം ജീവിതം മാറിക്കൊണ്ടിരിക്കുകയാണല്ലോ. ബില്ലുകൾ, ഇഎംഐ, മറ്റ് സബ്സ്ക്രിപ്ഷനുകൾ എന്നിവയെല്ലാം കൂടുകയോ കുറയുകയോ ചെയ്യും. ഈ മാറ്റങ്ങൾ അതാത് സമയങ്ങളിൽ അറിഞ്ഞുവെക്കേണ്ടതും പ്രധാനമാണ്. ഇതുവഴി അനാവശ്യ ചാർജുകളോട് നോ പറയാം.
ഓട്ടോ പേ മാൻഡേറ്റുകൾ കണ്ടുപിടിക്കേണ്ടത് ഇങ്ങനെ;
അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നത് കണ്ടുപിടിക്കാൻ പ്രയാസമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ, ഈ പറയുന്നത്ര പാടൊന്നുമല്ല ഇത് കണ്ടുപിടിക്കാൻ. യുപിഐ ഓട്ടോ പേ വഴി ഏതൊക്കെ സർവീസുകൾക്ക് പണം ഈടാക്കുന്നുണ്ടെന്ന് എളുപ്പത്തിലറിയാം. ഇതിനായി പ്രധാനമായും,
upihelp.npci.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വെബ്‌സൈറ്റില്‍ കയറി യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യണം. ഇതില്‍, ഓട്ടോ പേ മാന്‍ഡേറ്റുകള്‍ കാണാനും യുപിഐ ഇടപാടുകള്‍ സംബന്ധിച്ച് നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാതിയായി അറിയിക്കാനുമുള്ള ഓപ്ഷനുമുണ്ട്. Show my Autopay mandates എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഏതെല്ലാം സര്‍വീസുകള്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം ഓട്ടോ പേ മാന്‍ഡേറ്റു വഴി പണം പിടിക്കുന്നുണ്ട് എന്നറിയാം. ഇത് പരിശോധിച്ച് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കാനും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമുള്ള ഓപ്ഷനുണ്ട്.