ഗൂഗിളിലെ ഈ അഞ്ച് സെറ്റിങ്സ് ഇനിയും മാറ്റിയില്ലേ? ഭാവിയിൽ വരാനിരിക്കുന്ന തലവേദന നിങ്ങൾ താങ്ങില്ല!

പല ആവശ്യങ്ങൾക്കായി ഗൂഗിൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അതീവസുരക്ഷ ഉറപ്പാക്കുന്ന പല സെറ്റിങ്സുകളെ കുറിച്ചും അധികപേർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. നിസാരമെങ്കിലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ആ സുരക്ഷാ സംവിധാനങ്ങളേതെല്ലാമെന്ന് പരിശോധിക്കാം

Update: 2026-09-30 06:28 GMT

ഒരുകാലത്ത് ജിമെയിൽ സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രം ഉപയോഗിച്ചിരുന്ന ഗൂഗിളല്ല ഇന്ന് നമ്മുടെ ഓരോരുത്തരുടേയും വിരൽത്തുമ്പിലുള്ളത്. ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, യൂട്യൂബ്, കോൺടാക്ട്സ് എന്നിങ്ങനെ ഒരുപാട് പ്ലാറ്റ്ഫോമുകൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ ലിങ്കിങ്ങിലൂടെ മാത്രമാണ് ആധുനികലോകത്ത് സുരക്ഷിതമായി പ്രവർത്തിക്കുന്നത്. അതേസമയം, ഏതെങ്കിലും ഘട്ടത്തിൽ ഗൂഗിൾ സെക്യൂരിറ്റി സെറ്റിങ്സ് ദുർബലമാകുന്ന നിമിഷം സ്വകാര്യവിവരങ്ങളടക്കമുള്ള പ്രധാനവിവരങ്ങളെല്ലാം അപകടത്തിലായേക്കുമെന്നാണ് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്.

Advertising
Advertising

എന്നാൽ, ആവശ്യത്തിനും അത്യാവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഗൂഗിൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അതീവസുരക്ഷ ഉറപ്പാക്കുന്ന പല സെറ്റിങ്സുകളെ കുറിച്ചും അധികപേർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. നിസാരമെങ്കിലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ആ സുരക്ഷാ സംവിധാനങ്ങളേതെല്ലാമെന്ന് പരിശോധിക്കാം.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ചെയ്തിട്ടുണ്ടെന്ന് ആദ്യം ഉറപ്പുവരുത്താം

ഗൂഗിൾ അക്കൗണ്ട്‌ സുരക്ഷിതമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സെറ്റിങ്സുകളിലൊന്നാണ് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ. ഇത് ഒരിക്കൽ ഓൺ ചെയ്തുവെച്ചാൽ പിന്നീടൊരിക്കലും കേവലമൊരു പാസ്‌വേര്‍ഡ്‌ കൊണ്ടുമാത്രം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ല. ലോഗിൻ ചെയ്യുന്നതിനായി നിങ്ങൾക്ക് മാത്രമറിയാവുന്ന ചില കാര്യങ്ങൾ കൂടി ആവശ്യമായി വന്നേക്കും. അൽപ്പം കടുപ്പമുള്ളതാണെന്ന് തോന്നിപ്പിക്കുമെങ്കിലും, നിങ്ങളുടെ പാസ്‌വേര്‍ഡ്‌ അറിഞ്ഞതുകൊണ്ട് മാത്രം മറ്റൊരാൾക്ക് അക്കൗണ്ടിൽ അനധികൃതമായി ലോഗിൻ ചെയ്യുന്നതിന് ഈ സെറ്റിങ്സ് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ചുരുക്കം.

ഇടക്കിടെ സെക്യൂരിറ്റി ചെക്ക്അപ്പ് നടത്തുകയുമാവാം

നിങ്ങളുടെ അക്കൗണ്ടിന്‍റെ സെക്യൂരിറ്റി സംവിധാനങ്ങളുടെ ശേഷി എത്രത്തോളമുണ്ടെന്ന് അറിയാൻ സഹായിക്കുന്ന വിവിധ ചെക്ക്അപ്പ് ഓപ്ഷനുകളും ഗൂഗിൾ മുന്നോട്ടുവെക്കുന്നുണ്ട്. അക്കൗണ്ട്‌ ഏതെല്ലാം ഡിവൈസുകളിലാണ് ലോഗിൻ ചെയ്തിരിക്കുന്നതെന്ന് അറിയാൻ ഈ ചെക്ക്അപ്പ് വഴി സാധിക്കും. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ ആക്ടിവിറ്റികൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ വഴി നടക്കുന്നുണ്ടെങ്കിലും അറിയാനാകും. അജ്ഞാതമായ അക്കൗണ്ടുകൾ ലോഗിൻ ചെയ്തിരിക്കുന്നത് കണ്ടാൽ ഉടനടി അവയെ എടുത്തുകളയാനും സെറ്റിങ്സിൽ ഓപ്ഷൻ കാണാം.

ദുർബലവും പഴയതുമായ പാസ്‌വേര്‍ഡുകളോട് ബൈ പറയാം

കാലങ്ങളായി ഒരേ പാസ്‌വേര്‍ഡ്‌ തന്നെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കുമെല്ലാം ആ പഴയ പാസ്‌വേര്‍ഡ്‌ തന്നെയാണോ കൊടുക്കാറുള്ളത്? ആണെങ്കിൽ ഇതത്ര നല്ല കാര്യമല്ല. കാലങ്ങളോളം ഒരേ പാസ്‌വേര്‍ഡ്‌ തന്നെ ഉപയോഗിക്കുന്നതിലൂടെ അക്കൗണ്ടിന്‍റെയും വെബ്സൈറ്റുകളുടേയും സുരക്ഷ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. വ്യത്യസ്ത സേവനങ്ങൾക്കായി വ്യത്യസ്തവും അത്രയെളുപ്പം തട്ടിപ്പുകാർക്ക് പിടികൊടുക്കാത്തതുമായപാസ്‌വേര്‍ഡുകൾ ഉപയോഗിക്കുന്നത് ഈ സുരക്ഷാപ്രശ്നത്തെ മറികടക്കാൻ സഹായിച്ചേക്കും.

തേർഡ്-പാർട്ടി ആപ്പുകൾക്ക് ആക്സസ് നൽകുന്നതും പരിശോധിച്ചിട്ടാക്കാം

ചില ആപ്പുകളിലും വെബ്സൈറ്റുകളിലും ലോഗിൻ ചെയ്യുന്നതിനായി ഒരുപാട് ആക്സസുകൾ ഗൂഗിൾ ആവശ്യപ്പെടാറുണ്ട്. ഉദ്ദേശിച്ച കാര്യം നടക്കാനായി ഇതെല്ലാം കണ്ണടച്ച് നൽകാറുണ്ടെങ്കിലും ഇവ ഓഫ് ചെയ്തിടാൻ അധികപേരും ശ്രദ്ധിക്കാറില്ല. നിങ്ങളുടെ അക്കൗണ്ടിലേക്ക് വിവിധ തേർഡ്-പാർട്ടി ആപ്പുകൾക്ക് ആക്സസ് നൽകിയിട്ടുണ്ടെങ്കിൽ ഉടനടി അത് ഓഫ് ചെയ്തിടുന്നതും സുരക്ഷ വർധിപ്പിച്ചേക്കും.

അക്കൗണ്ട്‌ തിരിച്ചെടുക്കാനുള്ള റിക്കവറി ഫോൺ-ഇമെയിൽ എന്നിവ അപ്ഡേറ്റ് ആയിരിക്കുന്നതും പ്രധാനം!

സെറ്റിങ്സിൽ പലവുരു കണ്ടിട്ടുണ്ടാകുമെങ്കിലും റിക്കവറി ഫോൺ-ഇമെയിൽ എന്നിവയുടെ ആവശ്യകതയെ അധികമാളുകളും ഗൗരവത്തിലെടുക്കാറില്ല. ഏതെങ്കിലും ഘട്ടത്തിൽ പാസ്‌വേര്‍ഡ്‌ മറന്നുപോകുകയോ മറ്റെന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ അക്കൗണ്ട്‌ തിരിച്ചുപിടിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് റിക്കവറി ഫോൺ നമ്പറുകളും ഇമെയിലും ചേർത്തുകൊടുക്കുകയെന്നത്. ഇത് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്തുവെക്കുന്നതിലൂടെ അക്കൗണ്ട്‌ നഷ്ടപ്പെട്ടാലും എളുപ്പത്തിൽ തിരിച്ചുപിടിക്കാനാകും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News