'ഭാര്യക്ക് പ്രേമം തെരുവുനായകളോട്, ഒരിക്കൽ കടിയുമേറ്റു'; വിവാഹമോചനത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഭർത്താവ്

'തങ്ങളുടെ കിടക്കയിലാണ് ഈ നായകൾ ഉറങ്ങുന്നത്. താൻ അവളുടെ അടുത്തെത്തുമ്പോഴെല്ലാം അവ കുരയ്ക്കും'

Update: 2025-11-13 10:50 GMT

അഹമ്മദാബാദ്: ഭാര്യക്ക് തന്നോടല്ല, തെരുവുനായകളോടാണ് സ്നേഹമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വിവാഹമോചന അപേക്ഷ നൽകി ഭർത്താവ്. ​ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, അപേക്ഷ തള്ളിയ കുടുംബ കോടതി വിധിക്കെതിരെയായിരുന്നു ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

തങ്ങളുടെ ദാമ്പത്യ തകർച്ചയ്ക്ക് കാരണം തെരുവുനായകളോടുള്ള ഭാര്യയുടെ അമിത സ്നേഹമാണെന്നും ഭർത്താവ് വിവാഹമോചന ഹരജിയിൽ പറയുന്നു. 2006ലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത്. ഭാര്യ തെരുവുനായകളെ വീട്ടിലേക്ക് കൊണ്ടുവരിക പതിവാണെന്നും ഇത് മൂലം താൻ മാനസികവും ശാരീരികവുമായി ഏറെ ബുദ്ധിമുട്ടിലാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

തങ്ങളുടെ കിടക്കയിലാണ് ഈ നായകൾ ഉറങ്ങുന്നത്. താൻ അവളുടെ അടുത്തെത്തുമ്പോഴെല്ലാം അവ കുരയ്ക്കും. ഒരിക്കൽ ഒരു നായ തന്നെ കടിക്കുക പോലുമുണ്ടായെന്നും ഇദ്ദേഹം പറയുന്നു. താൻ ഒരുപാട് തവണ എതിർത്തിട്ടും വീട്ടിൽ നിന്ന് നായകളെ മാറ്റാൻ ഭാര്യ തയാറാവുന്നില്ലെന്നും ഇയാൾ ആരോപിക്കുന്നു.

ഭാര്യ ഒരു മൃഗസംരക്ഷണ സംഘടനയിൽ ചേരുകയും തന്നെ ഭീഷണിപ്പെടുത്താൻ മൃഗങ്ങളെ ഉപദ്രവിച്ചെന്നാരോപിച്ച് മറ്റുള്ളവർക്കെതിരെ പരാതി നൽകുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഈ സമ്മർദം തനിക്ക് പ്രമേഹത്തിനും ഉദ്ധാരണക്കുറവിനും കാരണമായെന്ന് 41കാരൻ പറയുന്നു. പിന്നീട് ഭാര്യ ഇതുപറഞ്ഞ് തന്നെ പൊതുവിടത്തിൽ പോലും പരിഹസിച്ചെന്നും ഭർത്താവ് ആരോപിച്ചു.

ഭാര്യയുടെ ജന്മദിനത്തിൽ, അവർ ഒരു റേഡിയോ പ്രാങ്ക് സംഘടിപ്പിച്ചു. അതിൽ ഒരു റേഡിയോ ജോക്കി 'ജെന്നി' എന്ന സ്ത്രീയായി അഭിനയിച്ച് തന്നെ ലൈവായി വിളിച്ച് പ്രണയമാണെന്ന് അവകാശപ്പെട്ടു. ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അതൊരു ഏപ്രിൽ ഫൂൾ തമാശയാണെന്നായിരുന്നു ഭാര്യയുടെ മറുപടി. തന്നെ ഉപേക്ഷിച്ചാൽ സ്ത്രീധനക്കേസ് ഫയൽ ചെയ്യുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും ഇയാൾ കൂട്ടിച്ചേർത്തു.

അതേസമയം 41കാരന്റെ ആരോപണങ്ങൾ തള്ളിയ ഭാര്യ, തനിക്കെതിരെ ഭർത്താവ് വ്യാജ കഥകൾ പടയ്ക്കുകയാണെന്നും അവകാശപ്പെട്ടു. ഉന്നയിച്ച ആരോപണങ്ങൾ വിവാഹ നിയമപ്രകാരം ക്രൂരതയുടെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന ഹരജി അഹമ്മദാബാദ് കുടുംബ കോടതി നേരത്തെ തള്ളിയത്.

ഈ വിധിയെ ചോദ്യം ചെയ്താണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി, തുടർ നടപടികൾക്കായി കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റി. കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് കോടതി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News