'ബാബരി നഷ്ടമായി, ഇനിയൊരു പള്ളികൂടി നഷ്ടപ്പെട്ടുകൂടാ'- ഗ്യാൻവാപി സർവേക്കെതിരെ ഉവൈസി

ഗ്യാൻവാപി പള്ളിയുടെ കോംപൗണ്ടിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേയ്ക്ക് ഉത്തരവിട്ട വരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു

Update: 2022-05-13 03:34 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ സർവേ നടപടികളെ വിമർശിച്ച് ആൾ ഇന്ത്യാ ഇത്തിഹാദുൽ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട കോടതിവിധി ആരാധനാലയ നിയമത്തിന്റെ പച്ചയായ ലംഘനമാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

കോടതിവിധി 1991ലെ ആരാധനാലയ നിയമത്തിന്റെ പച്ചയായ ലംഘനമാണ്. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം കൂടിയാണിത്. ഇതിനെതിരെ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സനൽ ബോർഡും മസ്ജിദ് കമ്മിറ്റിയും സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷ. നമ്മൾക്ക് ബാബരി നഷ്ടമായി. ഇനിയൊരു പള്ളികൂടി നഷ്ടപ്പെട്ടുകൂടാ-ഉവൈസി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.

വരാണസി കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ വിഡിയോഗ്രഫി സർവേ നടക്കുന്നത്. സർവേക്കായി നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റാൻ കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകറാണ് നിരസിച്ചത്. മേയ് 17നകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷക കമ്മീഷനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

യോഗി സർക്കാർ ബന്ധപ്പെട്ടവർക്കെതിരെ ഉടൻ കേസെടുക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. 1947 ആഗസ്റ്റ് 15ന് നിലനിന്ന ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ ശ്രമിക്കുന്നത്തിനെതിരേ 1991ലെ ആരാധനാലയ നിയമം വ്യക്തമായി പറയുന്നുണ്ട്. കോടതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്ക് മൂന്ന് വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

പള്ളിയുടെ പുറത്തെ മതിലിനോട് ചേർന്നുള്ള ചില വിഗ്രഹങ്ങളിൽ എല്ലാ ദിവസവും ആരാധനാകർമങ്ങൾ നടത്താൻ അനുമതി തേടി ഡൽഹി സ്വദേശിനികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ ഏപ്രിൽ 18ന് ജഡ്ജി ദിവാകർ വിഡിയോഗ്രഫി സർവേക്ക് ഉത്തരവിട്ടത്. ശ്രീനഗർ ഗൗരി, ഗണേശ, ഹനുമാൻ, നന്തി വിഗ്രഹങ്ങളിൽ ആരാധന നടത്താൻ സൗകര്യം വേണമെന്നും വിഗ്രഹങ്ങൾ കേടുവരുത്തുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. മേയ് ആറ്, ഏഴ് തിയതികളിൽ പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്തുകയും വിഡിയോ പകർത്തുകയും ചെയ്യാനായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചിരുന്നു.

പള്ളിയിൽ വിശദമായ സർവേ നടത്തി മേയ് പത്തിന് നടക്കുന്ന അടുത്ത വാദംകേൾക്കലിനു മുൻപ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുത്. എല്ലാ കക്ഷികളുടെയും സാന്നിധ്യത്തിലാകണം സർവേനടപടികളെന്നും കോടതിയുടെ നിർദേശമുണ്ട്. നേരത്തെ, പള്ളിയുടെ കോംപൗണ്ടിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) സർവേയ്ക്ക് ഉത്തരവിട്ട വരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

മുഗൾ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 1991ലാണ് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഹരജി കോടതിയിലെത്തിയത്. പള്ളിയുടെ കോംപൗണ്ടിൽ പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി സ്വദേശിയായ രാഖി സിങ് എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ കോടതിയുടെ നടപടി.

Summary: "Don't want to lose another masjid after Babri": Asaduddin Owaisi on Gyanvapi verdict

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News