യാത്ര മുടങ്ങിയാല്‍ റീഫണ്ട് ലഭിക്കാതെ നഷ്ടം സംഭവിച്ചിട്ടുണ്ടോ? ഇനി പരിഹാരമുണ്ട്

അവസാനനിമിഷം യാത്ര ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ബുക്കിങ് നിരക്കിന്റെ 80 ശതമാനം തുക 2- 3 മാസത്തിനുള്ളില്‍ തിരികെ നല്‍കുന്നതിനായാണ് നീക്കം

Update: 2025-11-23 06:03 GMT

ന്യൂഡൽഹി: മുന്‍കൂട്ടി തീരുമാനിച്ച വിമാനയാത്ര അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവരികയാണെങ്കില്‍ ബുക്കിങ് തുക മുഴുവന്‍ നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍. ബുക്കിങ് ചാര്‍ജ് പൂര്‍ണമായും നഷ്ടപ്പെടുന്ന വിധത്തിലുള്ള ഈ സംവിധാനം ന്യായമല്ലെന്ന് പലപ്പോഴും യാത്രക്കാര്‍ പരാതിപ്പെടാറുമുണ്ട്. എന്നാല്‍, പുറപ്പെടുന്നതിന് അവസാനനിമിഷം യാത്ര ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ആ പണം പൂര്‍ണമായും പിടിച്ചുവെക്കാതെ നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് തിരികെ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

അവസാനനിമിഷം യാത്ര ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ബുക്കിങ് നിരക്കിന്റെ 80 ശതമാനം തുക 2- 3 മാസത്തിനുള്ളില്‍ തിരികെ നല്‍കുന്നതിനായാണ് നീക്കം. നിലവില്‍, പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ റീഫണ്ട് സൗകര്യം യാത്രക്കാരന് ലഭ്യമല്ലാത്ത നിലയാണുള്ളത്. ഏതെങ്കിലും തരത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ യാത്രയില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നാണ് നിയമമെങ്കിലും അത് കയ്യിലെത്തണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും യാത്രക്കാര്‍ പരിഭവം പങ്കുവെക്കാറുണ്ട്.

Advertising
Advertising

യാത്രക്കാര്‍ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിമാനനിരക്കുമായി ബന്ധപ്പെട്ട് പുതിയൊരു ട്രാവല്‍ ഇന്‍ഷുറന്‍സിനെ കുറിച്ച് പരിചയപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ. ഈ ഇന്‍ഷുറന്‍സ് പ്രകാരം, അവസാന നിമിഷം യാത്ര റദ്ദാക്കുകയാണെങ്കില്‍ ബുക്കിങ് തുകയുടെ 80 ശതമാനവും യാത്രക്കാരന് തിരികെ ലഭിക്കും. യാത്രക്കാരനുമായി സൗഹാര്‍ദപരമായ അന്തരീക്ഷം നിര്‍മിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ്(ഡിജിസിഎ) പുതിയ സംവിധാനം മുന്നോട്ടുവെക്കുന്നത്.

പുതിയ സംവിധാനത്തെ കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി സംസാരിച്ചെന്നും സന്നദ്ധത അറിയിച്ചെന്നും പ്രമുഖ എയര്‍ലൈന്‍ കമ്പനി വ്യക്തമാക്കി. 'ചെറിയ തുകയില്‍ യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന ഇന്‍ഷുറന്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനോട് ഞങ്ങള്‍ക്ക് സന്നദ്ധനാണ്. അതുവഴി യാത്രക്കാര്‍ക്ക് നിശ്ചിത ശതമാനം റീഫണ്ട് സൗകര്യം നല്‍കാനാകും.' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'എന്തെങ്കിലും കാരണവശാല്‍ യാത്ര ക്യാന്‍സല്‍ ചെയ്യുന്ന അവസ്ഥയില്‍ പണം മുഴുവനായും നഷ്ടമാകുമെന്ന പേടിയില്‍ ബുക്കിങ് ചെയ്യാന്‍ മടിക്കുന്ന യാത്രക്കാര്‍ക്ക് ഈ പുതിയ സംവിധാനം സൗകര്യമേകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഓണ്‍ലൈന്‍ ടിക്കറ്റ് ഏജന്‍സികള്‍ ടിക്കറ്റ് ബുക്കിങിന്റെ സമയത്ത് യാത്രക്കാരോട് ഇന്‍ഷുറന്‍സ് എടുക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കാറുണ്ടെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇന്‍ഷുറന്‍സ് കമ്പനികളുമായി ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് നേരത്തെ സംസാരത്തിനൊടുവില്‍ ഈ ഓഫറില്‍ അവര്‍ സമ്മതം മൂളിയിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ യാത്ര ഉപേക്ഷിക്കുകയാണെങ്കില്‍ ബുക്കിങ് നിരക്കിന്റെ 80 ശതമാനം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.

വിമാനയാത്രികര്‍ക്കിടയില്‍ പലപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ള വലിയ പരിഭവമാണ് യാത്ര മുടങ്ങിയാല്‍ ടിക്കറ്റിന്റെ തുക മടക്കിലഭിക്കുന്നില്ല എന്നത്. ഇതിലൂടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് പലപ്പോഴും യാത്രക്കാര്‍ക്ക് സംഭവിക്കുന്നത്. സമീപകാലത്ത് ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമായതോടെയാണ് ടിക്കറ്റ് തുകയുടെ റീഫണ്ടിങ് സംവിധാനത്തെ കുറിച്ച് എയര്‍ലൈന്‍ കമ്പനികള്‍ ആലോചിച്ചുതുടങ്ങിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News