'രണ്ടാം ഭാര്യയുണ്ടെന്ന് വെളിപ്പെടുത്തുന്നത് ചട്ട ലംഘനമല്ല': ബിജെപി എംഎൽഎയുടെ വിജയം ശരിവെച്ച് ബോംബെ ഹൈക്കോടതി
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഗാവിതിന്റെ വിജയം അസാധുവാണെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സുധീർ ബ്രിജേന്ദ്ര ജെയിനാണ് കോടതിയെ സമീപിച്ചത്
രാജേന്ദ്ര ഗാവിത്
മുംബൈ: മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാജേന്ദ്ര ഗാവിതിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹരജി തള്ളി ബോംബെ ഹൈക്കോടതി. നാമനിർദേശ പത്രികയില്‍ തനിക്ക് രണ്ടാം ഭാര്യയുണ്ടെന്ന് വെളിപ്പെടുത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹരജി. സംവരണ മണ്ഡലമായ പാൽഘറില്‍ നിന്നാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഗാവിതിന്റെ വിജയം അസാധുവാണെന്ന് അവകാശപ്പെട്ട് സാമൂഹിക പ്രവർത്തകനായ സുധീർ ബ്രിജേന്ദ്ര ജെയിനാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാം ഭാര്യയുണ്ടെന്നും അത് ചട്ട ലംഘനമാണെന്നും അതിനാല്‍ ഗാവിതിന്റെ വിജയം അസാധുവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ രണ്ടാം ഭാര്യയുണ്ടെന്ന് വെളിപ്പെടുത്തുന്നത് ചട്ടലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ സമൂഹത്തിൽ അനുവദനീയമായ രണ്ടാം വിവാഹം സത്യസന്ധമായി വെളിപ്പെടുത്തുന്നത് നിയമലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. അതേസമയം ഗാവിതിന്റെ രണ്ടാം വിവാഹം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഹർജിയിൽ പറയുന്നില്ലെന്നും ജസ്റ്റിസ് സന്ദീപ് മാർണെ ചോദിച്ചു. രണ്ടാം ഭാര്യയുടെ പാൻ വിശദാംശങ്ങളും ആദായനികുതി റിട്ടേണുകളും ഉള്‍പ്പെടായണ് പത്രിക സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ആദ്യ വിവാഹം നിയമപരമായി സാധുവായിരിക്കെ, രണ്ടാമത്തേത് നിയമവിരുദ്ധമാണെന്ന് ജെയിൻ വാദിച്ചിരുന്നു. എന്നാല്‍ ഭിൽ സമുദായത്തിൽ പെട്ടയാളാണ് ഗാവിതെന്നും ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയിൽ അവര്‍ വരില്ലെന്നും എംഎല്‍എക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഭിൽ സമുദായത്തില്‍ രണ്ടാം വിവാഹം നിരോധിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.