'ഉമ്മയില്ലാത്ത ലോകത്തേക്കാണ് തിരിച്ചുവരുന്നതെന്നറിഞ്ഞാൽ അദ്ദേഹത്തിന് താങ്ങാൻ കഴിയില്ല'; സിദ്ധിഖ് കാപ്പന്‍റെ ഭാര്യ റൈഹാന

'മനസ്സിന്‍റെതാളം തെറ്റുമെന്ന് കരുതി കുടുംബത്തിൽ നടന്ന പ്രധാനപ്പെട്ട മരണങ്ങൾ ഇതുവരെ കാപ്പനോട് പറഞ്ഞിട്ടില്ല'

Update: 2022-10-05 13:08 GMT
Advertising

കോഴിക്കോട്: ഉമ്മയില്ലാത്ത ലോകത്തെക്കാണ് തിരിച്ചുവരുന്നതെന്നറിഞ്ഞാൽ അദ്ദേഹത്തിന് താങ്ങാൻ കഴിയില്ലെന്ന്  സിദ്ധീഖ് കാപ്പന്‍റെ  ഭാര്യ റൈഹാന.  സിദ്ധീഖ്കാപ്പന്‍റെ ജയിൽവാസം രണ്ടുവർഷം തികയുന്ന വേളയിൽ മക്തൂബ് മീഡിയയോട് സംസാരിക്കുകയായിരുന്നു അവർ.

''കാപ്പൻ ഇനി ഇങ്ങോട്ട് വരുമ്പോ ഉമ്മ ഇല്ല എന്നുള്ളത് തന്നെയാണ് ഏറ്റവും താങ്ങാൻ പറ്റാത്ത ഒരു കാര്യം.  എപ്പോളും എന്നോട്  പറയും. വേറെന്തും ഞാൻ പിടിച്ചുനിക്കും. പക്ഷെ, എന്റെ ഉമ്മ ഇല്ലാത്ത ഒരു ലോകത്ത് ഞാൻ എങ്ങനെ ജീവിക്കും എന്ന് ,

ഇ.ഡി കേസില്‍ ജാമ്യം കിട്ടിയ ഒന്നാം പ്രതിക്ക് കാപ്പനുമായി അഞ്ച് പൈസയുടെ ഇടപാട് ഉണ്ടായിട്ടില്ലെന്ന് ഇ.ഡിക്കും പൊലീസിനുമറിയാമായിരുന്നിട്ടും നാലാം പ്രതിയായി കാപ്പനെ ചേർത്തിരിക്കുകയാണ്. ഇടക്കാലത്താണ് അറസ്റ്റ് വാറൻറില്ലാതെ കാപ്പനെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ കേസിൽ ജാമ്യം കിട്ടുമെന്ന് കണ്ടപ്പോഴാണ് ആ അറസ്റ്റ് നടന്നത് . വളരെ പെട്ടന്ന്കീഴ്‌ക്കോടതിയിൽ നിന്നു തന്നെ ജാമ്യം കിട്ടേണ്ട കേസിൽ കോടതിയിൽ ജഡ്ജിയില്ലാത്തതിനാല്‍ മൂന്നാം തവണയാണ് കേസ് മാറ്റിവക്കുന്നത് .കോടതിയിൽ കേസ് നടന്നാൽ ജാമ്യം ലഭിക്കുമെന്നു തന്നെയാണ്  പ്രതീക്ഷയെന്നും''  റൈഹാന പറഞ്ഞു. 

മനസ്സിന്‍റെ താളം തെറ്റുമെന്ന് കരുതി കുടുംബത്തിൽ നടന്ന പ്രധാനപ്പെട്ട മരണങ്ങൾ താൻ ഇതുവരെ കാപ്പനോട് പറഞ്ഞിട്ടില്ലെന്നും,പല കേസുകളിലും വഴിയെ പോകുന്നവരെ പിടിച്ചു കൊണ്ടുപോയി രണ്ടും മൂന്നും വർഷം കഴിയുമ്പോൾ നിരപരാധികളാന്ന് പറഞ്ഞു വെറുതെ വിട്ടയക്കുകയാണെന്നും റൈഹാന കാപ്പൻ പറഞ്ഞു.

ഹാത്രസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് കാപ്പന്‍  അറസ്റ്റിലാകുന്നത്. നിലവിൽ ലഖ്നോ ജയിലിലാണ് സിദ്ധീഖ് കാപ്പൻ കഴിയുന്നത്. സിദ്ധീഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മുഹമ്മദ് ആലവും ലഖ്നോ ജയിലിലാണ്. ആലത്തിനു യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്  പലതവണ നീട്ടിവച്ചു. യുഎപിഎ കേസിൽ ജാമ്യം നൽകികൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിൽ പുറത്തിറങ്ങിയാലും ആറാഴ്ച സിദ്ധീഖ് കാപ്പൻ ഡൽഹിയിൽ കഴിയണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു.

ആദ്യ വർഷത്തെ ജയിൽവാസത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ധീഖ് കാപ്പന് പരോള്‍ ലഭിച്ചത്. പരോൾ കഴിഞ്ഞ് മടങ്ങിയതിനുശേഷമായിരുന്നു  മാതാവിന്റെ മരണം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News